അവിശ്വാസപ്രമേയം വോട്ടിനിടാന്‍ പാക് ദേശീയ അസംബ്ലി (Pakistan National Assembly) . കനത്ത സുരക്ഷാവലയത്തിലാണ് ദേശീയ അസംബ്ലി മന്ദിരമുള്ളത്. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാൻ ഖാനെതിരെ നടക്കുന്ന അവിശ്വാസ വോട്ടിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നൂറിലധികം നിയമസഭാംഗങ്ങൾ ഒപ്പിട്ടതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സർക്കാരിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാരിന്‍റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇമ്രാന്‍റെ ന്യൂനപക്ഷ സർക്കാർ ഇന്ന് നിലം പൊത്തും. തന്‍റെ സർക്കാരിനെ വീഴ്ത്താൻ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച ഇമ്രാൻ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ട് നടത്തിയ ടിവി അഭിസംബോധനയിലാണ് പ്രതിഷേധ ആഹ്വാനം. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും അധികാരം ഒഴിയില്ലെന്ന സൂചനയും ഇമ്രാന്‍ നല്‍കിയിട്ടുണ്ട്.