ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss Season 4) ആദ്യ വാരാന്ത്യ എപ്പിസോഡ് പിന്നിടുമ്പോള്‍ ആദ്യ എലിമിനേഷന്‍റെ നെഞ്ചിടിപ്പില്‍ മത്സരാര്‍ത്ഥികള്‍. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ വാരം തന്നെ എലിമിനേഷന്‍ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അശ്വിന്‍ വിജയ് ആണ് ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ക്യാപ്റ്റന്‍ ഒഴികെ മറ്റുള്ള 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. എന്നാല്‍ ഈ ലിസ്റ്റ് മത്സരാര്‍ഥികള്‍ പരസ്പരം നോമിനേറ്റ് ചെയ്‍ത് ഉണ്ടായിവന്ന ഒന്നല്ല. മറിച്ച് ബിഗ് ബോസ് പൊടുന്നനെ പ്രഖ്യാപിച്ച ഒന്നായിരുന്നു.

ഈ ലിസ്റ്റ് പ്രകാരമായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വോട്ടിംഗും. ഇന്നലെ നടന്ന ആദ്യ വാരാന്ത്യ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു മത്സരാര്‍ഥികളും പ്രേക്ഷകരും. എന്നാല്‍ ആദ്യ എലിമിനേഷന്‍ അദ്ദേഹം പ്രഖ്യാപിച്ചില്ല. മറിച്ച് ചിലര്‍ ഈ വാരം സുരക്ഷിതരാണെന്നു മാത്രം അദ്ദേഹം പ്രഖ്യാപിച്ചു.

നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നവരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിങ്ങനെ അഞ്ചു പേരാണ് സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഇന്ന് മിക്കവാറും സീസണിലെ ആദ്യ എലിമിനേഷന്‍ നടക്കും. ഇന്ന് പുറത്ത് വന്ന പ്രൊമോയും എലിമിനേഷന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങളാണ് കാണിച്ചത്. അഞ്ചുപേര്‍ സേഫ് ആയതോടെ 11 പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നത്.

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്‍മി പ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, അഖില്‍ ബി എസ്, നിമിഷ, റോണ്‍സണ്‍ വിന്‍സെന്‍റ്, അപര്‍ണ്ണ മള്‍ബറി, ദില്‍ഷ പ്രസന്നന്‍ എന്നിവരില്‍ ഒരാളോ ഒന്നിലധികം പേരോ ഇന്ന് പുറത്താവും. അത് ആരൊക്കെയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇന്ന് പുറത്ത് വന്നിട്ടുള്ള പ്രൊമോയില്‍ റോണ്‍സന്‍, ഡോ. റോബിന്‍, ശാലിനി, ദില്‍ഷ, ജാനകി എന്നിവര്‍ മോഹന്‍ലാലിനോട് മറുപടി പറയുന്നതാണുള്ളത്.

ഒപ്പം ലക്ഷ്മിപ്രിയ പെട്ടി തുറന്ന് പുറത്തേക്ക് പോകുന്ന ആളുടെ പേരെഴുതിയിട്ടുള്ള കാര്‍ഡ് തുറക്കുന്നതും പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും നെഞ്ചിടിപ്പ് ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഉയര്‍ന്നിട്ടുണ്ട്.