കെഎസ്ആര്‍ടിസിയില്‍ (KSRTC) പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്‍കുന്ന ഫര്‍ലോ ലീവ് പദ്ധതിയോട് മുഖം തിരിച്ച് ജീവനക്കാര്‍. ഒരു ശതമാനം ജീവനക്കാര്‍ പോലും പദ്ധതിയില്‍ ചേര്‍ന്നില്ല. പ്രായപരിധിയില്‍ ഇളവ് നല്‍കി കൂടുതല്‍ വിഭാഗം ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കാന്‍ മാനേജ്മെന്‍റ് നീക്കം തുടങ്ങി. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്മെന്‍റും ചേര്‍ന്ന് ഒപ്പുവച്ച ദീര്‍ഘകാല കരാറിലെ വ്യവസഥയുസരിച്ചാണ് ഫര്‍ലോ ലീവ് പദ്ധതി നടപ്പിലാക്കുന്നത്.

ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ്  ബാധിക്കില്ല. അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. 28000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ഇതുവരെ 47 പേര്‍ മാത്രമാണ് പദ്ധതിയില്‍ ചേര്‍ന്നത്. നിലവില്‍ 10 ലക്ഷം രൂപ പ്രതിമാസം ശമ്പള ഇനത്തില്‍ ലാഭമുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ജീവനക്കാരെ നിര്‍ബന്ധിച്ച് പദ്ധതിയില്‍ ചേര്‍ക്കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ്. പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 45 വയസ്സെന്നതില്‍ ഭേദഗതി വരുത്തും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും പദ്ധതി ബാധകമാക്കും. അതേസമയം ലേ ഓഫിന്‍റെ പരിഷ്കരിച്ച രൂപമായ ഫര്‍ലോ ലീവ്, ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനെച്ചൊല്ലി വിമര്‍ശനവും ശക്തമാവുകയാണ്.