കൊച്ചിയിലെ മാളില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. സംഭവത്തില്‍ നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി പൊലീസില്‍ കീഴടങ്ങാനെത്തുന്നതിനിടെയാണ് പ്രതികളെ കളമശ്ശേരിയില്‍ വെച്ച്‌ പൊലീസ് പിടികൂടിയത്. രാത്രി ചോദ്യം ചെയ്യലിന് ശേഷം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പ്രതികള്‍ പിടിയിലായതിന് പിന്നാലെ കുടുംബാഗങ്ങളെ ഓര്‍ത്ത് ഇരുവര്‍ക്കും മാപ്പ് നല്‍കിയതായി നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടി മാപ്പ് നല്‍കിയത് കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നടിയെ അപമാനിച്ചതില്‍ പൊലീസ് സ്വമേധയാ ആണ് നടപടികള്‍ തുടങ്ങിയതെങ്കിലും നടിയുടെ അമ്മ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഈ സഹാചര്യത്തില്‍ തുടര്‍ന്നടപടികള്‍ കോടതിയുടെ തീരുമാന പ്രകാരം ആയിരിക്കും. നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ ഫോണിലൂടെയാണ് മൊഴിയെടുത്തത്. കൊവിഡ് പരിശോധനക്ക് ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.