കൊച്ചി: സന്യസ്ത വിദ്യാർത്ഥിനിയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. കോതമംഗലം എസ് എച്ച് കോൺവെന്‍റിൽ  ഇന്നലെ രാത്രിയോടെയാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു പ്രാർത്ഥനയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് മഠത്തിലെ മറ്റ് അന്തേവാസികൾ അന്വേഷിച്ചപ്പോഴാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാരിയിൽ തൂങ്ങിയ നിലയിലാണ് അന്നുവിനെ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അന്നുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. കോതമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.