മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സിസിഎഫ് കെ വിനോദ് കുമാറിനെ സ്ഥലം മാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റം. അതേസമയം, മുട്ടിൽ മരം മുറിയിൽ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി എന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ എന്‍ ടി സാജനെ സ്ഥാന കയറ്റം നൽകി ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായി നിയമിച്ചു. മുട്ടിൽ മരം മുറിക്കേസിലെ സംയുക്ത അന്വേഷണം പുരോഗമിക്കെയാണ് സർക്കാർ പ്രതികൾക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവിറക്കിയത്.

വടക്കൻ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കൺസ‍ർവേറ്റർ ‍ഡി കെ വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രീയിലേക്കാണ് സ്ഥലം മാറ്റിയത്. മുട്ടിൽ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോ‍ർട്ട്  സമർപ്പിച്ച വിനോദ് കുമാർ പ്രതികൾക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കേസന്വേഷണം പൂർത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങൾ ലംഘിച്ചാണ്. കേസിൽ ആരോപണവിധേയനായ എൻ ടി സാജന് സുപ്രധാന തെക്കൻ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടാണ് സ്ഥലം മാറ്റം. നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതലയാണ് നൽകിയത്. ഇതേ ജില്ലയിൽ ഉയർന്ന ചുമതലയാണ് ആരോപണ വിധേയന് സർക്കാ‍ർ നൽകിയത്.

സാജനെ ഭാവിയിൽ വിരമിക്കൽ അടുത്തെന്ന ചൂണ്ടിക്കാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. രണ്ട് വർഷം തികയും മുമ്പ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ മാറ്റണമെങ്കിൽ സിവിൽ സർവ്വീസ് ബോര്‍ഡ് ചേ‍ർന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേൾക്കണമെന്നാണ് ചട്ടം. അതുണ്ടായിട്ടില്ല. വനംവകുപ്പിലെ പൊതു സ്ഥലം മാറ്റങ്ങൾ വരാനിരിക്കെ ധ‍ൃതി പിടിച്ചാണ് നാല് ഉദ്യോഗസ്ഥരെ പരസ്പരം മാറ്റിയത്. ഫലത്തിൽ മരം മുറിക്കാർക്ക് ഒത്താശ ചെയ്യുന്നതാണ് ഈ സ്ഥലം മാറ്റങ്ങൾ. ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ ട്രിബ്യൂണലനെ സമീപിക്കാൻ സാധ്യതയുണ്ട്.