സംസ്ഥാനത്ത് ഡിസിസി പുന:സംഘടനാ നടപടികൾ അനിശ്ചിതത്വത്തിൽ. നടപടികൾ തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പുന:സംഘടനാ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ കരടിൽ കെസി വേണുഗോപാൽ പക്ഷം ഉടക്കിട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. എംപിമാരുടെ പരാതിയുടെ പേരിലാണ് ഹൈക്കമാൻഡ് നടപടി നിർത്തിവെച്ചത്. കെ.സുധാരനും വിഡി സതീശനും പിന്നീട് ചർച്ച നടത്തിയിട്ടും അന്തിമസമവായത്തിലെത്തിയില്ല. കരട് പട്ടിക രണ്ടരമാസം മുമ്പ് കൈമാറിയിട്ടും പ്രതിപക്ഷനേതാവ് മാറ്റങ്ങൾ നിർദ്ദേശിച്ചില്ല.

15 വരെ അംഗത്വ വിതരണം നീട്ടി എഐസിസി സംഘടനാ തെരഞ്ഞെടുപ്പ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഇനി പുനസംഘടനാ വേണോ എന്നാണ് സുധാകരൻറെ സംശയം. പുനസംഘടനാ നിർത്തിവെക്കാനും ആലോചനയുണ്ട്. അതേ സമയം പരാതി ഉണ്ടാകുമ്പോൾ പരിഹരിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നണ്  സതീശനെ പിന്തുണക്കുന്നവരുടെ അഭിപ്രായം.

പ്രതിസന്ധി തുടരുമ്പോഴും തർക്കങ്ങളാണ് കാരണമെന്ന് കെപിസിസി നേതൃത്വവും കെസി പക്ഷവും സമ്മതിക്കുന്നില്ല. എന്നാൽ എന്ന് തീരുമെന്നതിലും വ്യക്തമായ വിശദീകരണമില്ല. സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് പുനസംഘടന വേണ്ടെന്നായിരുന്നു എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. എന്നാൽ ഈ എതിർപ്പ് തള്ളി എഐസിസി പിന്തുണയോടെയായിരുന്നു സുധാകരനും സതീശനും പുനസംഘടനയുമായി മുന്നോട്ട് പോയത്. പിന്നാലെ ഗ്രൂപ്പുകളും നേതൃത്വത്തോട് യോജിച്ചു. പക്ഷെ സമവായം നീണ്ട് നീണ്ട് പോകുന്നതോടെയാണ് പുനസംഘടനയിലെ പ്രതിസന്ധി.