സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ (Junior Clerk) ചോദ്യ പേപ്പര്‍ ചോര്‍ന്നതായി (Question Paper Leak) പരാതി. മാര്‍ച്ച് 27 ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്ന സമയത്ത്  യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തെന്നാണ് ആക്ഷേപം. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അന്വേഷണം തുടങ്ങി

സഹകരണ വകുപ്പിലെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് 93 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 60000 ന് മുകളില്‍ പേര്‍ പരീക്ഷയെഴുതി.160 ചോദ്യങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെയായിരുന്നു പരീക്ഷാ സമയം. എന്നാല്‍ 3.30 ന് തന്നെ എംഎസ്പി ടോക്സ് എന്ന യൂട്യൂബ് ചാനലില്‍  ഭൂരിഭാഗം ചോദ്യങ്ങളും അപ്ലോഡ് ചെയ്തെന്നാണ് പരാതി.

പരീക്ഷയെഴുതിയവര്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന് പരാതി നല്‍കി. ഡിജിപിക്ക് പരാതി നല്‍കിയതായി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യം പുറത്ത് വിട്ടതായും ആക്ഷേപം ഉണ്ട്.