കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാക്കിയ യുവാവിനെ എറണാകുളത്ത് നിന്നും പൊലീസ് പിടികൂടി. കോട്ടയം കുറുവിലങ്ങാട് കുളത്തൂർ സ്വദേശിയായ ഇമ്മാനുവേൽ (31) ആണ് പിടിയിലായത്. മൂവാറ്റുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ സർവീസ് എഞ്ചിനീയറാണ് ഇയാൾ.

എറണാകുളം സൗത്ത് പനമ്പള്ളി നഗർ ഭാഗത്ത് നടക്കാനിറങ്ങുന്ന സ്ത്രീകളെയാണ് ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ ശേഷം ഈ ഭാഗത്ത് കറങ്ങി നടന്നാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. നഗ്നതാ പ്രദർശനവും സ്ത്രീകളെ കയറിപ്പിടിക്കലുമായി ശല്യം തുടർന്നു.

പരാതികൾ ഉയർന്നതോടെ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് മഫ്തിയിൽ ഷാഡോ പൊലീസ് രംഗത്ത് ഇറങ്ങി. ഇവർ പ്രതിയെ സാധാരണ കാണാറുള്ള ഭാഗത്ത് നിരീക്ഷണം ഏർപ്പെടുത്തി. ഇതറിയാതെ വീണ്ടും സ്ത്രീകളെ ലക്ഷ്യമിട്ട് എത്തിയ പ്രതി പൊലീസിന്റെ വലയിൽ വീഴുകയായിരുന്നു.