വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ മാത്യകയായി. കൊല്ലം പത്തനാപുരം കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്,സായൂജ്,വിശാഖ്, രാഹുൽ എന്നിവർ വഴിയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ചത്.

ഇത് സംബന്ധിച്ച വീഡിയോ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്. പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഈ കുട്ടികള്‍.

പത്താം തരം പരീക്ഷയുടെ ഹാൾ ടിക്കറ്റ് സ്കൂളില്‍ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ കടയ്ക്കാമൺ ചെലവന്നൂർ പടിയിലുളള “പ്രയാഗ ” ഗാർഡന് സമീപം വച്ച് ഒരുപവന്‍ തൂക്കമുളള സ്വർണ്ണ മാല കുട്ടികള്‍ക്ക് കളഞ്ഞുകിട്ടി.

മറ്റൊന്നും ആലോചിക്കാതെ പോലീസിനെ ഫോണില്‍ വിളിച്ച വിവരം അറിയിച്ച ശേഷം ഓട്ടോവിളിച്ച് സ്വര്‍ണ്ണമാല സ്റ്റേഷനില്‍ എത്തിച്ച് നല്‍കുകയായിരുന്നു. ഉടമ സ്റ്റേഷനിൽ നിന്നും മാല ഏറ്റുവാങ്ങി.