ഏപ്രിൽ മാസത്തെ ദളിത് ചരിത്രമാസ(Dalit History Month)മായി അം​ഗീകരിച്ച് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ (British Columbia) പ്രവിശ്യ. ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള (എൻഡിപി) സർക്കാർ ഈ വർഷം ഏപ്രിൽ മാസത്തെ ദളിത് ചരിത്ര മാസമായി പ്രഖ്യാപിക്കാനുള്ള മഹത്തായ നടപടി സ്വീകരിക്കുകയായിരുന്നു.

ദളിത്, പട്ടികജാതി-പട്ടികവർഗ സമുദായങ്ങളുമായി ബന്ധപ്പെട്ടുള്ള ചരിത്രത്തിലെ പ്രധാന വ്യക്തികളെയും സംഭവങ്ങളെയും ഓർമ്മിക്കുന്നതിനായി എല്ലാ വർഷവും ദളിത് ചരിത്ര മാസം ആചരിക്കുന്നു. ഡോ. ബി.ആർ അംബേദ്കർ ജനിച്ചത് ഏപ്രിൽ മാസത്തിലായതിനാൽ തന്നെ അങ്ങനെയൊരു പ്രാധാന്യവും ഏപ്രിൽ മാസത്തിന് ലോകത്തെമ്പാടുമുണ്ട്.

ജ്യോതിറാവു ഫൂലെ, മംഗു റാം മുഗോവാലിയ, സന്ത് റാം ഉദാസി തുടങ്ങിയ ഉന്നത ദളിത് നേതാക്കളുടെ ജന്മദിനം, ചരമവാർഷികം എന്നിവ ഏപ്രിൽ മാസത്തിലാണ് എന്നതും ദളിത് സമൂഹത്തിൽ ഏപ്രിൽ മാസം പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടാൻ കാരണമാകുന്നു. “ഏപ്രിൽ ദളിത് സമുദായങ്ങൾക്ക് ഒരു സുപ്രധാന മാസമാണ്. കാരണം ബി. ആർ അംബേദ്കർ, ജ്യോതിറാവു ഫൂലെ, മംഗു റാം മുഗോവാലിയ, സന്ത് റാം ഉദാസി തുടങ്ങി ജാതി വിവേചനത്തിനെതിരെ പ്രവർത്തിച്ച പ്രസ്ഥാനങ്ങളിലെ പ്രധാന ദളിത് നേതാക്കളുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും ജന്മദിനവും ചരമവാർഷികവും ഇത് അനുസ്മരിക്കുന്നു” സർക്കാർ പറഞ്ഞു.

നേതാക്കളെയും വ്യക്തികളെയും അം​ഗീകരിക്കുക, ഓർക്കുക എന്നത് മാത്രമല്ല ദളിത് ചരിത്രമാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരിതങ്ങളെ അതിജീവിക്കുന്നതിനായും സാമൂഹികനീതിക്കും തുല്യതയ്ക്കും വേണ്ടി വാദിക്കുന്നതിനായും ദളിത് സമൂഹം പ്രകടിപ്പിച്ച ശക്തിയും പ്രതിരോധശേഷിയും അം​ഗീകരിക്കുക കൂടിയാണ് ദളിത് ചരിത്രമാസത്തിൽ.

എലിസബത്ത് രാജ്ഞിയുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ട പ്രസ്താവനയിൽ, ‘ബ്രിട്ടീഷ് കൊളംബിയ അനേകം ജനങ്ങളും കമ്മ്യൂണിറ്റികളും അടങ്ങുന്ന ഒരു സാംസ്കാരിക വൈവിദ്ധ്യമുള്ള പ്രവിശ്യയാണ്’ എന്ന് പറയുന്നു. ‘ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശീയരും കറുത്തവർ​ഗക്കാരും വ്യവസ്ഥാപരമായ വംശീയത, അനീതി, വിവേചനം, വിദ്വേഷം എന്നിവ അനുഭവിക്കുന്നു. എല്ലാത്തരം വംശീയതയെയും അഭിസംബോധന ചെയ്യാൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’ എന്നും പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം, പ്രവിശ്യ അംബേദ്കറുടെ 130 -ാം ജന്മദിനമായ ഏപ്രിൽ 14 ‘സമത്വ ദിനം’ ആയി ആഘോഷിച്ചിരുന്നു.