യു പ്രതിഭയുടെ (U Prathibha) തുറന്നുപറച്ചിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തക ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന് ചിത്തരഞ്ജൻ എംഎൽഎ. എല്ലാം കെട്ടടങ്ങി എന്നു വരുമ്പോൾ വീണ്ടും തുറന്നു പറച്ചിൽ നടത്തുന്നത് മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്ന് സംശയിക്കണമെന്നും ചിത്തരഞ്ജൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവർ ഒരു എംഎൽഎ ആയതുകൊണ്ടല്ലേ വാർത്താ പ്രാധാന്യം ലഭിക്കുന്നതെന്നും ചിത്തരഞ്ജൻ ചോദിച്ചു.

 ‘പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്’; വീണ്ടും വിമര്‍ശനവുമായി യു പ്രതിഭ

തിരുവനന്തപുരം: വീണ്ടും വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ (U Prathibha MLA). പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് യു പ്രതിഭാ എംഎല്‍എ വിമര്‍ശിച്ചു. അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞു. കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ്. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തലുകളുണ്ടായി. പറയാൻ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു.

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ കഴിഞ്ഞ മാസം യു പ്രതിഭ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഉപോക്ഷിച്ചത്. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്രതിഭ ഉപേക്ഷിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയാണ് സിപിഎം നേതൃത്വം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി ഉണ്ടാകുമെന്ന്  ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസ്സര്‍ പറഞ്ഞിരുന്നു.

പ്രതിഭയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎൽഎക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പാർട്ടി ഫോറത്തിൽ പറയാതെ നവമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും എംഎൽഎ ഉന്നയിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. യു പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂർണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിർ ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.