ഇറാഖിലെ (Iraq) കർബല റിഫൈനറിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര്‍ പ്രതിസന്ധിയിൽ. കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ് പതിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളിൽ തൊഴിൽ തേടി പോകാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. 2014 ല്‍ ഇറാഖ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് കര്‍ബല റിഫൈനറി പ്രൊജക്ട്. രണ്ടുവര്‍ഷം മുമ്പ് തൊഴിലാളുകളുടെ തൊഴില്‍ വിസയുടെ കാലാവധി അവസാനിച്ചു.

എന്നാല്‍ വിസ പുതുക്കാൻ കമ്പനി ഇടപെടുകയോ തൊഴിലാളികളെ ഇത് അറിയിക്കുകയോ ചെയ്തില്ല. ഇതാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. ഇതിനിടെ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോര്‍ട്ടില്‍ നാടുകടത്തില്‍ സ്റ്റാംപ് പതിക്കുകയായിരുന്നു. രണ്ടായിരത്തോളം ആളുകളുടെ പാസ്പോര്‍ട്ടില്‍ നാടുകടത്തല്‍ സ്റ്റാംപ് പതിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ തൊഴിലാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.