ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ഹയ്യാ ഹയ്യാ’ എന്നാണ് ഗാനത്തിന്റെ പേര്. ട്രിനിഡാഡ് കർഡോന,ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏതൊക്കെയാണ് ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ഗ്രൂപ്പുകളെന്നും ഇന്ന് അറിയാം. ഇന്ന് വൈകിട്ട് അഞ്ചുമണിയ്ക്കാണ് ഗ്രൂപ്പുകളെ കണ്ടെത്തുന്നതിനുള്ള ‘ഫൈനൽ ഡ്രോ’. അതായത് ഇന്ത്യൻ സമയം വൈകിട്ട് 9.30യ്ക്ക്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിക്കുക. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് നടക്കുന്നത്. നിലവിൽ ആതിഥേയരായ ഖത്തർ അടക്കം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഹയ്യാ ഹയ്യാ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. അമേരിക്കന്‍-ആഫ്രിക്കന്‍-മധ്യേഷന്‍ സംഗീത് മിശ്രിതത്തിലൂടെ എങ്ങനെ സംഗീതത്തിനും ഫുട്‌ബോളിനും ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയും എന്നതാണ് ഗാനത്തിന്റെ പ്രമേയം എന്ന് ഗാനം പുറത്തിറക്കിക്കൊണ്ട് ഫിഫ വ്യക്തമാക്കി. ഇന്നു രാത്രി ദോഹയില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന്റെ വേദിയില്‍ ഗാനം ഔദ്യോഗികമായി അവതരിപ്പിക്കും.

നേരത്തെ തന്നെ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴി ഗാനം പുറത്തിറിക്കിയിരുന്നു.1962 മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും അവതരിപ്പിച്ചു തുടങ്ങിയത്. അവിടുന്നിങ്ങോട്ട് 15 ലോകകപ്പുകള്‍ക്കു വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.