പ്ലാസ്റ്റിക്, കുഷ്യൻ ഫർണിച്ചറുകളുടെ കടന്നുകയറ്റത്തോടെ ജോലി സാധ്യത കുറഞ്ഞെങ്കിലും പരമ്പരാഗത തൊഴിൽ കൈവിടാതെ പ്ലാസ്റ്റിക്ക് വരിച്ചിലിൽ ഉപജീവനം തേടുകയാണ് ചെന്നിത്തല 13-ാം വാർഡിൽ കിഴക്കേവഴി പനയ്ക്കൽ വീട്ടിൽ ഗോപകുമാർ (57).

അച്ഛൻ തങ്കപ്പന്റെ ശിക്ഷണത്തിൽ പതിനാറാം വയസിലാണ് വരിച്ചിൽ തൊഴിലായി സ്വീകരിച്ചത്. അച്ഛന്റെ മരണത്തോടെ ഇന്നും ഈ തൊഴിൽ നടത്തിയാണ് കുടുംബം പോറ്റുന്നത്. ചൂരൽ, വരിച്ചിൽ പ്ലാസ്റ്റിക്ക് എന്നിവ ഉപയോഗിച്ച് കട്ടിലുകൾ, കസേരകൾ ഉൾപ്പെടെയുള്ള വീട്ടുഉപകരണങ്ങൾ വിവിധ വർണങ്ങളിൽ വീട്ടുടമകളുടെ അഭിരുചിക്കനുസരിച്ച് ചെയ്ത് കൊടുക്കുന്നു.

വരിച്ചിൽ പ്ലാസ്റ്റിക്ക് ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങുന്നത്. നേരത്തെ സമീപത്തുള്ള കടകളിൽ നിന്ന് വരിച്ചിൽ പ്ലാസ്റ്റിക്ക് കിട്ടിയിരുന്നെങ്കിലും ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട് തൊഴിലാളികൾ മറ്റിടങ്ങളിൽ ചേക്കേറിയതിനാലും പ്ലാസ്റ്റിക്ക് മാറി പ്ലൈവുഡ് വരികയും ചെയ്തതോടെ വരിച്ചിൽ പ്ലാസ്റ്റിക്ക് സമീപത്തുള്ള കടകളിൽ നിന്നും അപ്രത്യക്ഷമായി.

വരിച്ചിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വരിഞ്ഞ കട്ടിലുകളിൽ കിടന്നാൽ ശരീരവേദന അനുഭവപ്പെടാറില്ലെന്നും ഗോപകുമാർ പറഞ്ഞു. 2006-ൽ പഞ്ചായത്തിൽ നിന്നും അനുവദിച്ച മൂന്ന് സെന്റ് സ്ഥലവും വീടുമാണ് ഗോപന്റെ ആകെയുള്ള സമ്പത്ത്. ഭാര്യ തുളസി, അമ്മ ചെല്ലമ്മ, മക്കളായ അശ്വതി, ഹരിത എന്നിവരും തൊഴിലില്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഗോപകുമാര്‍ പറഞ്ഞു.

ജമീല ‘ചക്കര’ സമർപ്പിച്ചു, മനു മൈക്കിൾ എണ്ണയും; മത സൗഹാര്‍ദ്ദ സന്ദേശവുമായി ഒരു ക്ഷേത്ര മഹോത്സവം

ചേര്‍ത്തല: മതസൗഹാര്‍ദ്ദ സന്ദേശവുമായി കണ്ടമംഗലം ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ മഹോത്സവം. നൂറുകണക്കിന് ചിക്കരക്കുട്ടികൾ ഭജനമിരിക്കുന്ന മഹോത്സവ ദിവസങ്ങളിൽ, ദേവിയുടെ മധുര പ്രസാദമായി നൽകുന്നതിനുള്ള ചക്കര നടയിൽ സമർപ്പിക്കുന്നത് പുരാതന മുസ്ലിം കുടുംബമായ ഐക്യനാട്ടുചിറയിൽ നിന്നാണ്.

ഉത്സവകാലങ്ങളിൽ ശ്രീകോവിലിൽ വിളക്ക് തെളിക്കുന്നത് ക്രിസ്തുമത വിശ്വാസികളായ തട്ടാം പറമ്പിൽ കുടുംബാംഗങ്ങൾ തിരുനടയിൽ സമർപ്പിക്കുന്ന എണ്ണ ഉപയോഗിച്ചാണ്.  തട്ടാംപറമ്പിലെ ഇപ്പോഴത്തെ അവകാശികളായ മൈക്കിളിന്റെ മകൻ മനു മൈക്കിളും കുടുംബവും ചേർന്ന് എണ്ണ സമർപ്പിക്കുന്ന ചടങ്ങ് ആർപ്പുവിളികളും വായ്കുരവയുമായി ഭക്തിസാന്ദ്രമായിരുന്നു.

മുസ്ലിം മതവിശ്വാസി കുടുംബമായ ഐക്യനാട്ടുചിറയിലെ അനന്തരാവകാശിയായ ജമീല ചക്കര സമർപ്പിച്ചതിലൂടെ, പുതിയ തലമുറയുടെ പ്രതീകമായ ചിക്കര കുട്ടികളിലേക്ക് മതസൗഹാർദ സന്ദേശം പകരുന്ന ചടങ്ങായി അത് മാറി. ജന്മനാ ബധിരയും മൂകയുമാണ് ജമീല, ക്ഷേത്രസമിതി സ്ഥലം വിട്ടു നൽകി വീട് നിർമിച്ച് സംരക്ഷിച്ച് വരികയാണെങ്കിലും ജമീല ഇപ്പോഴും ഇസ്ലാമായിത്തന്നെ ജീവിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കാലങ്ങളായി തുടരുന്ന ആചാരങ്ങളിലൂടെ മതങ്ങൾക്കതീതമായൊരു മഹോത്സവം ആഘോഷിക്കപ്പെടുകയാണിവിടെ.