മാവേലിക്കര: 24 വർഷമായി ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന, പുളിക്കത്തറ വീട്ടിൽ സുനിൽ (45) നെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 1998 ൽ മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന ഇയാളെ സിഐ, സി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളം പനങ്ങാട് ഭാഗത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.

21-ാം വയസിൽ കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാൾ എറണാകുളം, ആലപ്പുഴ ജില്ലകളിൽ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യം നേടി ഒളിവിൽ പോയി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ എൽ പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരായ ഇയാളെ റിമാൻഡ് ചെയ്തു. എസ് ഐ, പി എസ് അംശു, എസ് സി പി ഒമാരായ സിനു വർഗ്ഗീസ്, ജി ഉണ്ണികൃഷ്ണപിള്ള, സി പി ഒ മാരായ എസ് ജവഹർ, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ വി വി ഗിരീഷ് ലാൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പരമ്പരാഗത തൊഴിൽ കൈവിട്ടില്ല; പ്ലാസ്റ്റിക്ക് ‘വരിച്ചിലി’ൽ ഉപജീവനം തേടുകയാണ് ഗോപകുമാർ

മാന്നാർ: പ്ലാസ്റ്റിക്, കുഷ്യൻ ഫർണിച്ചറുകളുടെ കടന്നുകയറ്റത്തോടെ ജോലി സാധ്യത കുറഞ്ഞെങ്കിലും പരമ്പരാഗത തൊഴിൽ കൈവിടാതെ പ്ലാസ്റ്റിക്ക് വരിച്ചിലിൽ ഉപജീവനം തേടുകയാണ് ചെന്നിത്തല 13-ാം വാർഡിൽ കിഴക്കേവഴി പനയ്ക്കൽ വീട്ടിൽ ഗോപകുമാർ (57).

അച്ഛൻ തങ്കപ്പന്റെ ശിക്ഷണത്തിൽ പതിനാറാം വയസിലാണ് വരിച്ചിൽ തൊഴിലായി സ്വീകരിച്ചത്. അച്ഛന്റെ മരണത്തോടെ ഇന്നും ഈ തൊഴിൽ നടത്തിയാണ് കുടുംബം പോറ്റുന്നത്. ചൂരൽ, വരിച്ചിൽ പ്ലാസ്റ്റിക്ക് എന്നിവ ഉപയോഗിച്ച് കട്ടിലുകൾ, കസേരകൾ ഉൾപ്പെടെയുള്ള വീട്ടുഉപകരണങ്ങൾ വിവിധ വർണങ്ങളിൽ വീട്ടുടമകളുടെ അഭിരുചിക്കനുസരിച്ച് ചെയ്ത് കൊടുക്കുന്നു.

വരിച്ചിൽ പ്ലാസ്റ്റിക്ക് ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങുന്നത്. നേരത്തെ സമീപത്തുള്ള കടകളിൽ നിന്ന് വരിച്ചിൽ പ്ലാസ്റ്റിക്ക് കിട്ടിയിരുന്നെങ്കിലും ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട് തൊഴിലാളികൾ മറ്റിടങ്ങളിൽ ചേക്കേറിയതിനാലും പ്ലാസ്റ്റിക്ക് മാറി പ്ലൈവുഡ് വരികയും ചെയ്തതോടെ വരിച്ചിൽ പ്ലാസ്റ്റിക്ക് സമീപത്തുള്ള കടകളിൽ നിന്നും അപ്രത്യക്ഷമായി.

വരിച്ചിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വരിഞ്ഞ കട്ടിലുകളിൽ കിടന്നാൽ ശരീരവേദന അനുഭവപ്പെടാറില്ലെന്നും ഗോപകുമാർ പറഞ്ഞു. 2006-ൽ പഞ്ചായത്തിൽ നിന്നും അനുവദിച്ച മൂന്ന് സെന്റ് സ്ഥലവും വീടുമാണ് ഗോപന്റെ ആകെയുള്ള സമ്പത്ത്. ഭാര്യ തുളസി, അമ്മ ചെല്ലമ്മ, മക്കളായ അശ്വതി, ഹരിത എന്നിവരും തൊഴിലില്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഗോപകുമാര്‍ പറഞ്ഞു.