ഈജിപ്ത് സെന്‍ട്രല്‍ ബാങ്കില്‍ സൗദി അറേബ്യ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതായി ‘സൗദി പ്രസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ യുദ്ധം ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.

റഷ്യ-യുക്രൈന്‍ പ്രതിസന്ധി ഈജിപ്ത് സാമ്പത്തിക രംഗത്ത് ഏല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനുള്ള ഫണ്ടിനും സാങ്കേതിക പിന്തുണയ്ക്കുമായി അന്താരാഷ്ട്ര നാണയനിധിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കഴിഞ്ഞ ആഴ്ച ഈജിപ്ത് അറിയിച്ചിരുന്നു. അധിക ദാതാക്കളില്‍ നിന്നുള്ള ധനസഹായം, പലപ്പോഴും ഐഎംഎഫില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണ്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്) ഈജിപ്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഈജിപ്ഷ്യന്‍ ക്യാബിനറ്റ് പ്രസ്താവനയില്‍ പറയുന്നു. പിഐഎഫും ഈജിപ്തിലെ സോവറിന്‍ ഫണ്ടും തമ്മില്‍ സഹകരിച്ച് 1000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഈജിപ്ത് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ക്യാബിനറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉടനെ തന്നെ നിരവധി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം, സാമ്പത്തികരംഗം എന്നീ മേഖലകളിലാണ് നിക്ഷേപങ്ങള്‍ നടത്തുക. പിഐഎഫ് നിക്ഷേപങ്ങള്‍ വിദേശധനം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും പ്രാദേശിക തൊഴിലുകളെ പിന്തുണയ്ക്കുകയും ആധുനിക സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൊണ്ടുവരുമെന്നും ഈജിപ്തും സൗദിയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്നും ക്യാബിനറ്റ് പ്രസ്താവനയില്‍ വിശദമാക്കുന്നു. യുക്രൈനും റഷ്യയുമാണ് ഈജിപ്തിലെ പ്രധാനപ്പെട്ട ഗോതമ്പ് വിതരണക്കാരും രാജ്യത്തെ വിനോദസഞ്ചാരികളിലെ പ്രധാന സ്രോതസ്സും. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലെ സംഘര്‍ഷം ഈജിപ്ത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.