രാജ്യത്തെ ടോള് പ്ലാസകളില്‍ (Toll Plaza) പത്തു ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് ടോള്‍ പ്ലാസകളിലും പാലിയേക്കര അരൂര്‍ ടോള്‍ പ്ലാസകളിലും നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയിലത് 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം. ചെറിയവാണിജ്യ വാഹനങ്ങള്‍ക്ക് 120 രൂപയാണ് വാളയാറില്‍ കൂടിയത്.

പന്നിയങ്കരയില്‍ ഈ വാഹനങ്ങള്‍ 155 രൂപ നല്‍കണം. അരൂരില്‍ 70 രൂപയായി ഉയര്‍ന്നു. ബസും ട്രക്കും വാളയാറില്‍ ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 245 രൂപ നല്‍കേണ്ടപ്പോള്‍ 310 രൂപയാണ് പന്നിയങ്കരയില്‍ നല്‍കേണ്ടത്. അരൂരില്‍ 145 രൂപ നല്‍കണം. പന്നിയങ്കരയില്‍ അടുത്ത അഞ്ചുവരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ല. നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ചാണിത്.

പന്നിയങ്കര ടോളിൽ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളിൽ നിന്ന് ടോൾ ഈടാക്കില്ല. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരു ഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

പന്നിയങ്കര ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കിനെതിരെ നേരത്തെ ടോറസ് ലോറി ഉടമകൾ സമരം നടത്തിയിരുന്നു. ടോളിൽ ഇളവ് ആവശ്യപ്പെട്ട്  മൂന്ന് ദിവസമായി നടത്തിവന്ന സമരം റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയവർ.