ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മി രേഖപ്പെടുത്തിയാണ് കേരളം സാമ്പത്തിക വർഷം അക്കൗണ്ട് ക്ലോസ് ചെയ്തത്. ഒരു വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്. പുതിയ വർഷം കേന്ദ്ര വിഹിതത്തിലെ കുറവ് അടക്കം കേരളത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളുമാണ്.

സംസ്ഥാന ഖജനാവിനെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട കാലമാണ് കടന്നുപോയത്. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ തന്നെ പേറിയത് വൻ ബാധ്യതയും. ഒപ്പം മൂന്നാം തരംഗത്തിലെ ലോക്ഡൗണ്‍ ദിനങ്ങൾ ഇരട്ട പ്രഹരമായി. ബജറ്റ് രേഖകൾ മാത്രം കണക്കിലെടുത്താൽ വരുമാനത്തെക്കാൾ ചെലവ് 31000കോടി രൂപയാണ്. സർക്കാർ പിന്നിട്ട സാമ്പത്തിക വർഷം കടമെടുത്തത് 27000കോടി രൂപയാണ്. അവസാനത്തെ ആഴ്ചയും നാലായിരം കോടി രൂപ കടമെടുത്തിരുന്നു. വരവ് ചെലവ് വ്യത്യാസത്തിൽ കേരളം നേരിട്ടത് വലിയ തിരിച്ചടിയാണ്.

കൊവിഡിലും മറ്റ് വെല്ലുവിളികളിലും പരമാവധി വിഭവ സമാഹരണം നടന്നുവെന്നാണ് സർക്കാർ അവകാശ വാദം. അപ്പോഴും കടമെടുപ്പിലാണ് കേരളം കടപ്പെടേണ്ടത്. പുതിയ സാമ്പത്തിക വർഷത്തിൽ വിപണി തിരിച്ചുവരുന്നതാണ് സർക്കാരിന് ആശ്വാസം. എന്നാൽ കേന്ദ്ര വിഹിതത്തിൽ ഈ വർഷം മുതൽ കുറവ് തുടങ്ങും. ജൂലൈ മാസം കഴിഞ്ഞാൽ ജിഎസ്ടി നഷ്ടപരിഹാരമില്ല. മറ്റ് ഗ്രാന്‍റുകളിൽ കൂടി ഉണ്ടാകുന്ന നഷ്ടം 17000കോടി രൂപയും.

സാമ്പത്തിക വർഷം അവസാനം റെക്കോഡ് ചെലവഴിക്കലാണ്. മാർച്ചിൽ ചെലവഴിച്ചത് 21000കോടി രൂപ. പദ്ധതി ചെലവ് 90ശതമാനത്തിലാണ് എത്തിച്ചത്. എന്നാൽ പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ തുടക്കം ഞെരുക്കത്തിലാണ്. ജിഎസ്ടി പുനസംഘടനയടക്കം നടത്തി നികുതി വരവ് ഉയർത്തുകയാണ് പുതിയ വർഷത്തിലെ പ്രധാന കടമ്പ.

2021-2022 

  • റവന്യു വരവ്- 1,17,888കോടി
  • റവന്യു ചെലവ്-1,49,803കോടി
  • വ്യത്യാസം -31,915കോടി

.2021ൽ ലക്ഷ്യമിട്ടത്

  • വരവ്- 1,28,375കോടി
  • ചെലവ്- 1,45,286കോടി
  • വരവിലെ കുറവ്- 11,000കോടി

2021-2022ലെ കടമെടുപ്പ് – 27,000കോടി