കശ്‍മീരി പണ്ഡിറ്റുകളുടെ പലായനം പ്രമോയമാക്കിയ ചിത്രം ദ് കശ്‍മീര്‍ ഫയല്‍സ് യുഎഇ, സിംഗപ്പൂര്‍ റിലീസിന്. കട്ടുകളൊന്നും നിര്‍ദേശിക്കാതെയാണ് ചിത്രത്തിന് യുഎഇയില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന 15 പ്ലസ് റേറ്റിംഗ് ആണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വലിയ വിജയമെന്നാണ് ചിത്രത്തിന്‍റെ യുഎഇ പ്രദര്‍ശനാനുമതിയെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 7നാണ് യുഎഇ റിലീസ്.

ചിത്രം യുഎഇ അടക്കം പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന് വിവേക് തന്നെയാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. യുഎഇ, സിംഗപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ചിത്രം നിരോധിക്കപ്പെട്ടിരിക്കുകയാണെന്നും എന്നാല്‍ അതിനുള്ള കാരണം അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഈ ചിത്രത്തെ ഇന്ത്യയില്‍ ചിലര്‍ ഇസ്ലാമോഫോബിക് എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ ഒരു ഇസ്‍ലാമിക രാജ്യം നാലാഴ്ചത്തെ പരിശോധനകള്‍ക്കു ശേഷം കട്ടുകളൊന്നും നിര്‍ദേശിക്കാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ചിത്രം കാണാനാവുന്നതെങ്കില്‍ അവിടെ 15ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാം. സിംഗപ്പൂരിലും ഇതു തന്നെയാണ് സംഭവിച്ചത്. മൂന്നാഴ്ച കൊണ്ടാണ് അവിടെ അനുമതി ലഭിച്ചത്, വിവേക് അഗ്നിഹോത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു.   2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയി വര്‍ധിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ (Dangal) എട്ടാം ദിന കളക്ഷനില്‍ മറികടക്കുകയും ചെയ്‍തിരുന്നു ചിത്രം. ദംഗലിന്‍റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടിയാണ്. ഇത് ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍റെ അടുത്ത് നില്‍ക്കുന്ന സംഖ്യയുമാണ്. 19.75 കോടി ആയിരുന്നു ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍.