തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2′(KGF Chapter 2). കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് ചെയ്യാനിരുന്ന ചിത്രം ഈ വർഷം ഏപ്രിലിൽ എത്തും. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്(Prithviraj) പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളം വേര്‍ഷനിൽ ഡബ്ബ് ചെയ്ത വിവരം അറിയിച്ച് നടി മാലാ പാര്‍വതി.
ട്രെയിലറിലെ തന്റെ ശബ്ദം തിരിച്ചറിഞ്ഞ് നിരവധി പേർ മെസേജ് അയച്ചുവെന്നും ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന് ശങ്കര്‍ രാമകൃഷ്ണനോട് കടപ്പെട്ടിരിക്കുന്നുവെന്നും മാലാ പാർവതി കുറിക്കുന്നു.
മാലാ പാര്‍വതിയുടെ വാക്കുകൾ
കെജിഎഫ് 2 ട്രെയിലറിൽ എന്റെ ശബ്ദം കേട്ടുവെന്ന് പറഞ്ഞ് ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവര്ക്കും ഒരു വലിയ നന്ദി പറയുന്നു. ഞാന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ്. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു മനോഹരമായ സ്ക്രിപ്പ്റ്റ് തയ്യാറാക്കി. അതും ലിപ്സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ ശബ്ദങ്ങളും. അത് മലയാളം ഡബ്ബ് വേര്‍ഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശങ്കര്‍ കാണിച്ച ഡെഡിക്കേഷന് ശരിക്കും അഭിനന്ദാര്‍ഹമാണ്. ചിത്രത്തില്‍ റവീണ ഠണ്ടന് ശബ്ദം നല്‍കിയിരിക്കുന്നത് ആരാണെന്ന് അറിയുമോ? അതിന്റെ ഇഫക്റ്റ് ശരിക്കും അത്ഭുതകരമാണ്. സാധാരണ ഞാന്‍ സിനിമയുടെ ഒറിജിനല്‍ കാണാന്‍ താത്പര്യപ്പെടുന്ന ആളാണ്ണ്. പക്ഷെ ഈ സിനിമയില്‍ ഞാന്‍ മലയാളം ഡബ്ബിന് വേണ്ടിയും കാത്തിരിക്കുകയാണ്. ശങ്കറിന് അഭിനന്ദനങ്ങള്‍. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും. അതില്‍ നിങ്ങളുടെ പ്രയത്നവും ഒരു ഭാഗമാകും.
കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.