കോഴിക്കോട്: സ്വര്‍ണത്തട്ടിപ്പ് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. തെരഞ്ഞെടുപ്പും അന്വേഷണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് എത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ജനങ്ങള്‍ നിരാകരിച്ചെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ജനങ്ങളുടെ ക്ലീന്‍ ചിറ്റ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ ചിറ്റ് കിട്ടിയതെന്ന നിലപാടാണെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇനി ഭരിക്കാനില്ലെന്ന് പറഞ്ഞ് ഇറങ്ങിപോകണമായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.

തട്ടിപ്പ് കേസില്‍ തന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുകയാണ്. സ്വര്‍ണക്കടത്ത് പോലെ പ്രധാനപ്പെട്ടതാണ് സര്‍ക്കാറില്‍ സ്വാധീനം ചെലുത്തുന്ന വിവിധ വ്യക്തികള്‍ കേസില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നതെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.