ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങളെ തള്ളിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ രംഗത്ത്. കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാണെന്ന് നോയിഡയിലെ കര്‍ഷകര്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഓരോന്നായി കര്‍ഷകര്‍ എണ്ണിപ്പറഞ്ഞു.

ഡല്‍ഹിയില്‍ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തെ കര്‍ഷകര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ പൗരത്വ നിയമത്തെ എതിര്‍ത്തവരാണെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതുവരെ മറ്റൊരു സര്‍ക്കാരും കര്‍ഷകര്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയിട്ടില്ല. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്. ഒന്നും ചെയ്യാന്‍ കഴിയാത്ത കോണ്‍ഗ്രസും ആംആദ്മിയുമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് കര്‍ഷകര്‍ ഒരു ദേശീയ മാദ്ധ്യമത്തിന് മുന്‍പാകെ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിഷേധ സ്ഥലം ഒഴിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയേയും കാര്‍ഷിക ബില്ലിനെയും പിന്തുണച്ച്‌ അഞ്ച് വര്‍ഷം വേണമെങ്കിലും ഇരിക്കാമെന്നായിരുന്നു കര്‍ഷകരുടെ മറുപടി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 60 വയസുളള കര്‍ഷകന്‍ തനിയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വ്യക്തമാക്കിയാണ് മുന്നോട്ടുവന്നത്. പ്രതിവര്‍ഷം 6,000 രൂപയും 3000 രൂപ പെന്‍ഷനായും ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കര്‍ഷകന്‍ മോദി എങ്ങനെ കര്‍ഷക വിരുദ്ധനാകുമെന്നും ചോദിച്ചു. രാഷ്ട്രീയ പ്രേരിതമായ പ്രതിഷേധമാണിതെന്നും കാര്‍ഷിക ബില്‍ പിന്‍വലിക്കരുതെന്നും കര്‍ഷകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.