തിരുവനന്തപുരം: യുഡിഎഫില്‍ മുസ്‌ലിം ലീഗിന് മേധാവിത്വമുണ്ടെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരന്‍. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി ലീഗ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎഫില്‍ ലീഗിന് മേധാവിത്വമുണ്ടെന്ന വാദം മുരളീധരനും ഉയര്‍ത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഫെയ്‌സ്‌ബുക്കില്‍ ഒതുങ്ങുമോ? ആത്മാര്‍ഥമെങ്കില്‍ സപ്‌തകക്ഷി പങ്കാളിത്തം മുഖ്യമന്ത്രി തളളിപ്പറയണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ലീഗ് ഈ സ്ഥിതിയില്‍ എത്തിയതിന് സിപിഎമ്മിനും ഉത്തരവാദിത്തമുണ്ട്. ലീഗിന്റെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്കയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്‌താവന വന്‍ വിവാദമായിരിക്കുകയാണ്. പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗും ആരോപിച്ചു. സാഹചര്യത്തിനനുസരിച്ച്‌ മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡുകള്‍ മാറ്റി കളിക്കുന്നു. ചില സമയത്ത് ഭൂരിപക്ഷ വര്‍ഗീയ കാര്‍ഡും ചില സമയത്ത് ന്യൂനപക്ഷ വര്‍ഗീയ കാര്‍ഡും ഇറക്കുന്നു. മറ്റൊരു പാര്‍ട്ടിയുടെ കാര്യത്തില്‍ ലീഗ് ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയും ഇടത് മുന്നണിയും തമ്മില്‍ സഹകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. “സിപിഎം വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അപ്രസക്തമെന്നത് കള്ളപ്രചാരണമാണ്. ബിജെപിയെ വളര്‍ത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വളരെ ചീപ്പായി പോയി. യുഡിഎഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ട,” ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെ കുറിച്ച്‌ തങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.