കൊച്ചി > യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ചു അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച്‌ യുവനടിയോട് അപമര്യാദയായി പെരുമാറിയത്.

ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു. ഇവിടെ വച്ച്‌ നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയില്‍ എത്തിയതെന്നും യുവാക്കള്‍ പറയുന്നു.

എന്നാല്‍ യുവാക്കള്‍ പറയുന്ന രീതിയിലല്ല സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.

തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തില്‍ കേസ് രജിസ്റ്റര് ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തല്‍മണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുന്‍പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.