അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് കങ്കാരുക്കളുടെ വിജയം. കളിയുടെ ഗതി നിര്‍ണയിച്ച രണ്ടാം ഇന്നിംഗ്‌സില്‍ നാണക്കേടിന്റെ റെക്കോഡുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

രണ്ടാം ഇന്നിഗ്‌സ് 36 റണ്‍സിനാണ് ടീം ഇന്ത്യ അവസാനിപ്പിച്ചത്. 9 വിക്കറ്റുകള്‍ ഓസിസ് എറിഞ്ഞിട്ടപ്പോള്‍ റിട്ടേര്‍ട് ഹര്‍ട്ടായി മുഹമ്മദ് ഷമി പുറത്ത് പോവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസിസ് അനായാസ ജയം സ്വന്തമാക്കി.

33 റണ്‍സെടുത്ത മാത്യു വെയ്ഡിനെ വൃദ്ധിമാന്‍ സാഹ റണൗട്ടാക്കുകയായിരുന്നു. 6 റണ്‍സെടുത്ത മാര്‍നസ് ലെബൂഷയനെ രവിചന്ദ്രന്‍ അശ്വിന്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. ഓസ്‌ട്രേലിയയ്ക്കായി ജോ ബേണ്‍സ് 51 റണ്‍സെടുത്തു. 63 പന്തില്‍ 7 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ജോ ബേണ്‍സ് അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ നിലവിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടലാണ് ടീം ഇന്ത്യ ഇന്ന് കണ്ടെത്തിയത്. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ കഴിയാതിരുന്നതും നാണക്കേടായി. മൂന്നാ ബാറ്റ്‌സ്മാന്‍മാരാണ് സംപൂജ്യരായി പുറത്തായത്.

5 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും, 4 വിക്കറ്റ് എറിഞ്ഞിട്ട പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയുടെ അടിത്തറയിളക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാനായി 90 റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്.