ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കില്ല. 5000 പേരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനല്‍കാത്തതിനാലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

കൊവിഡ് സാഹചര്യം നിലനില്‍ക്കെ ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്നവര്‍ക്കുമാത്രമേ ഇക്കുറി ശബരിമല ദര്‍ശാനുമതി നല്‍കിയിട്ടുള്ളു. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 പേര്‍ക്കുമാണ് ദര്‍ശനാനുമതി.

അതേസമയം, ശബരിമലയിലെ ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുന്‍പ് അനുമതി നല്‍കിയിരുന്നില്ല. ഡിസംബര്‍ 26-നുശേഷം ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍, ആര്‍ടിലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

നിലവില്‍ 24 മണിക്കൂറിനകമുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.