ഇഞ്ചുറി ടൈമിലെ ലെവണ്ഡോസ്ക്കിയുടെ ഗോള്‍ ബയേണ്‍ മ്യൂണിക്കിന് ബയേര്‍ ലെവര്‍കുസെനെതിരെ 2-1ന്റെ തിരിച്ചുവരവ് നേടിക്കൊടുത്തു, ക്രിസ്മസ് ഇടവേളയിലേക്ക് പോകുന്ന ബുണ്ടസ്ലിഗയില്‍ ഇതോടെ ടേബിള്‍ ടോപ്പേഴ്സ് ആയി മ്യൂണിക്ക്.രണ്ടാം സ്ഥാനത്താണ് ലേവര്‍കുസന്‍.

14-ാം മിനിറ്റില്‍ പാട്രിക് ഷിക്ക് നേടിയ ഗോളോടെ ലേവര്‍കുസന്‍ ലീഡ് നേടി,തുടര്‍ച്ചയായ ഏഴാമത്തെ ബുണ്ടസ്ലിഗ മത്സരത്തില്‍ ആണ് മ്യൂണിക്ക് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരുന്നത്.ഈ മല്‍സരത്തിലും നടന്നത് മറ്റൊന്നല്ല,ഫിഫ ബെസ്റ്റ് പുരസ്ക്കാരം നേടിയ ലെവന്ദോസ്ക്കിയാണ് മ്യൂണിക്കിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്.ആദ്യ പകുതി തീരാന്‍ ഇരിക്കെ മുള്ളര്‍ നല്‍കിയ ക്രോസിലോടെ മികച്ച ഒരു ഗോള്‍ നേടിയ ലെവണ്ഡോസ്ക്കി ഇഞ്ചുറി ടൈമില്‍ കിമിച്ച്‌ നല്‍കിയ പാസില്‍ അടുത്ത ഗോളും നേടിയതോടെ സമനില നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാം എന്ന ലെവര്‍കുസന്റെ ലക്ഷ്യം തരിപ്പണം ആയി.