തൊടുപുഴയില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. അതേസമയം മുന്നണിയുടെ ഏകോപനമില്ലായ്മയാണ് ജില്ലയിലെ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെയും മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍.
തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരിയെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ ആദ്യ പ്രതികരണം. കോണ്‍ഗ്രസ് മനപ്പൂര്‍വം വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുകയായിരുന്നെന്നും പി.ജെ പറഞ്ഞു. എന്നാല്‍ പ്രസ്ഥാവന ദൌര്ഭാഗ്യകരമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് ജില്ലാനേതൃത്വം വ്യക്തമാക്കി. ജില്ലയിലെ യു.ഡി.എഫിന്റെ പ്രകടനത്തില്‍ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും അതൃപതരാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേട്ടമുണ്ടാക്കിയെങ്കിലും മുന്നണിയിലെ ഏകോപനമില്ലായ്മ തിരിച്ചടിയായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞിട്ടില്ലെന്നും, പരാജയ കാരണം കോണ്‍ഗ്രസിന്റെ അനൈക്യമാണെന്നും മുസ്ലിം ലീഗ് ജില്ലാനേതൃത്വം പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ വരെ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.