കൊച്ചി: ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ അന്താരാഷ്ട്ര റേസിങ് ചാമ്പ്യന്ഷിപ്പുകള്ക്കുള്ള റേസിങ് ടീമിനെ പ്രഖ്യാപിച്ചു. ഹോണ്ട റേസിങ് ഇന്ത്യ ടീമില് നിന്നുള്ള നാല് മികച്ച റൈഡര്മാരാണ് 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്ഷിപ്പിലും (എആര്ആര്സി), തായ്ലന്ഡ് ടാലന്റ് കപ്പിലും (ടിടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുക. രണ്ടു വര്ഷത്തെ ഇടവേളക്ക് ശേഷമാണ് സീസണ് പുനരാരംഭിക്കുന്നത്. ഹോണ്ട റേസിങ് ഇന്ത്യയുടെ രാജീവ് സേതുവും സെന്തില് കുമാറും 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്ഷിപ്പില് ഏഷ്യയിലെ ഏറ്റവും മികച്ച റൈഡര്മാരുമായി മത്സരിക്കും. 2017ല് എആര്ആര്സിയില് ആദ്യമായി മത്സരിച്ചു തുടങ്ങിയ രാജീവ് സേതു അവസാന സീസണായ 2019ല് 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. 20കാരനായ സെന്തില്കുമാറും അവസാന സീസണില് മികച്ച പ്രകടനം നടത്തി.

യുവ റൈഡര്മാരായ സാര്ത്ഥക് ചവാന്, കവിന് ക്വിന്റല് എന്നിവരാണ് തായ്ലന്ഡ് ടാലന്റ് കപ്പ് 2022ല് രാജ്യത്തെ പ്രതിനിധീകരിക്കുക. ചെന്നൈയില് നിന്നുള്ള 16കാരനായ കവിന് ക്വിന്റല് 2021ലെ ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് ചാമ്പ്യനും, 2022ലെ ഏഷ്യാ ടാലന്റ് കപ്പിലെ ഏക ഇന്ത്യന് പ്രതിനിധിയുമാണ്. 15കാരനായ സാര്ഥക് ചവാന് ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ 2020 സീസണ് ചാമ്പ്യനാണ്.

രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലും ഏഷ്യന് മേഖലയിലും മോട്ടോര്സ്പോര്ട്സ് പ്രവര്ത്തനങ്ങള് സാധാരണ നിലയിലാകുന്നതില് സന്തോഷമുണ്ടെന്നും, അന്താരാഷ്ട്ര ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് അഭിമാനമേകുന്ന ഒരു ഇതിഹാസ ഇന്ത്യന് റൈഡറെ കാണുകയെന്നത് തന്റെ സ്വപ്നമാണെന്നും ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. റൈഡര്മാര്ക്കും ടീമിനും അദ്ദേഹം വിജയാശംസകള് നേര്ന്നു. ഏഷ്യന്, ടാലന്റ് കപ്പ് ചാമ്പ്യന്ഷിപ്പുകളില് നാലു റൈഡര്മാരുടെയും മികച്ച പ്രകടനത്തിനായി ഞങ്ങള് കാത്തിരിക്കുകയാണെന്ന് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യയുടെ ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷന്സ് സീനിയര് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.