വടകര: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍.എം.പിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെയുള്ള സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. ആര്‍.എം.പിയുടെ തീരുമാനത്തെ പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും എന്‍.വേണു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകും. യു.ഡി.എഫ് പിന്തുണക്കുമോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാന്‍ നേരത്തെ ഗുണപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നെന്നും എന്‍.വേണു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫുമായി ആര്‍.എം.പി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.ഇപ്പോള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം കോണ്‍ഗ്രസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.