മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച്‌ ഇന്ത്യന്‍ വ്യവസായ ഭീമരില്‍ പ്രമുഖനായ രത്തന്‍ ടാറ്റ രംഗത്ത്. വൈറസ് വ്യാപന സമയത്തെ മോദിയുടെ നേതൃപാടവത്തെയാണ് രത്തന്‍ ടാറ്റ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റഡ് ചേംബേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഒഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദിയെ പുകഴ്‌ത്തികൊണ്ടുള്ള രത്തന്‍ ടാറ്റയുടെ വാക്കുകള്‍.

‘മഹാമാരിയുടെ ഈ കാലഘട്ടിത്തില്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് നമ്മെ നയിച്ച പ്രധാനമന്ത്രിയെ ഏറെ ബഹുമാനപൂര്‍വം മാത്രമേ എനിക്ക് ഓര്‍ക്കാന്‍ കഴിയൂ. നോതൃത്വവാഹകനായി താങ്കള്‍ നിലകൊണ്ടൂ. ആപത്തില്‍ സംഭ്രാന്തനാവുകയോ ഓടിയൊളിക്കുകയോ അങ്ങ് ചെയ‌്തില്ല. ഈ രാജ്യത്തെ മുന്നില്‍ നിന്നുതന്നെ നയിച്ചു’-പ്രധാനമന്ത്രിയോടായി രത്തന്‍ ടാറ്റ പറഞ്ഞു. മോദിയുടെ പ്രയത്നങ്ങള്‍ പ്രദര്‍ശന വൈദഗ്ദ്ധ്യത്തിനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തികളില്‍ ഞങ്ങള്‍ ഏറെ കടപ്പെട്ടവരാണ്. ശരിയാണ്, നിങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ കുറച്ചുനേരം രാജ്യത്തെ ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ ആഹ്വാനമേകി. പക്ഷേ അതൊന്നും തന്നെ പ്രകടനപരമായിരുന്നില്ല. അത് രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ളതായിരുന്നുവെന്ന് രത്തന്‍ ടാറ്റ പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വ്യവസായ മേഖല തിരിച്ചുവരികയാണ്. അതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഏറെ ദുഷ്‌കരമായ ഈ കാലഘട്ടത്തില്‍ രാജ്യത്തെ നയിക്കുന്നതിന് മോദിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്താനും രത്തന്‍ ടാറ്റ മറന്നില്ല.

റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അടുത്തിടെ മോദിയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു.