കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളായ യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മാളിലെ വിവിധയിടങ്ങളില്‍ നിന്നായി പരിശോധിച്ച ദൃശ്യങ്ങളില്‍ നിന്നും മാസ്‌ക് ഉപയോഗിച്ച്‌ മുഖം മറഞ്ഞിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രതികളെ തിരിച്ചറിയാനാവാതെ വന്നതോടെയാണ് കളമശേരി പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

പ്രായപൂര്‍ത്തിയായ രണ്ടു യുവാക്കളാണ് ചിത്രങ്ങളിലുള്ളത്. ഏകദേശം തുല്യപൊക്കമാണ് ഇരുവര്‍ക്കുമുള്ളത്. ഒരാള്‍ നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചിരിയ്ക്കുന്നു. മറ്റെയാള്‍ ചന്ദനനിറത്തിലുള്ള പാന്റ്‌സും ഇളംനീലനിറത്തിലുള്ള ഷര്‍ട്ടുമെന്നാണ് വ്യക്തമാകുന്നത്. ലുലുമാളിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം മെട്രോ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ദൃശ്യങ്ങളുമുണ്ട്.

പൊലീസിന് നേരിട്ട് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവിരം കിട്ടുന്നവര്‍ കളമശേരി പൊലീസിനെ വിവരം അറിയിക്കണം.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ മാളിന്റെ പ്രവേശനകവാടത്തില്‍ പേരും ഫോണ്‍ നമ്ബരും നല്‍കിയശേഷം വേണം അകത്തുപ്രവേശിയ്ക്കാന്‍. എന്നാല്‍ യുവാക്കള്‍ പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും കണ്ടെത്തി. പ്രവേശന കവാടത്തിനടുത്തുണ്ടായ തിരക്ക് മറയാക്കി ഇരുവരും അകത്തുകടയ്ക്കുകയായിരുന്നു.

മാളില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും നടിയുടെ വെളിപ്പെടുത്തലില്‍ വസ്തുതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ഷോപ്പിംഗിനായി കുടുംബത്തോടൊപ്പമെത്തിയ നടിയെ രണ്ടു യുവാക്കള്‍ അപമാനിച്ചത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി സംഭവം വെളിപ്പടെുത്തിയതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പോലീസില്‍ പരാതിനല്‍കേണ്ടതില്ലെന്ന നിലപാടിലാണ് നടിയുടെ കുടുംബം.

നടിയുടെ അമ്മയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കിലായ നടിയുടെ മൊഴി 22 നുശേഷം രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ നടി തുറന്നുപറഞ്ഞതോടെ ഒട്ടേറെ പേരാണ് പിന്തുണയുമായെത്തിയത്. സംഭവത്തിന്റെ ഞെട്ടലില്‍ ആദ്യം എന്തുചെയ്യണമെന്ന് അറിയാതെ അല്‍പസമയം നിന്നുപോയെന്നും മനപൂര്‍വം അപമാനിക്കാനായിരുന്നു യുവാക്കളുടെ ശ്രമമെന്നും നടി വെളിപ്പെടുത്തിയിരുന്നു.