ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് പകര്‍ച്ചവ്യാധിയുടെ മൂന്നാംഘട്ട വ്യാപനം നിയന്ത്രണവിധേയമാക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ 1,133 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഈമാസം അവസാനം പ്രതിദിന കൊവിഡ് കേസുള്‍ 8,000 ആയിരുന്നു. പോസിറ്റീവിറ്റി നിരക്ക് 1.5 ശതമാനത്തില്‍ താഴെയായിരിക്കുകയാണ്. ഡല്‍ഹിയില്‍ കൊവിഡിന്റെ മൂന്നാംഘട്ടം അവസാനിച്ചുതുടങ്ങുകയാണെന്നാണ് മനസ്സിലാവുന്നത്. പ്രതിദിനം 90,000 കൊവിഡ് പരിശോധനകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

രാജ്യത്തെ പ്രതിദിന പരിശോധനകളില്‍ ഉയര്‍ന്ന നിരക്കാണിതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കെജ്‌രിവാള്‍ വ്യക്തമാക്കി. നവംബറില്‍ പ്രതിദിനം 8,600 വൈറസ് കേസുകള്‍ വരെയായി ഉയര്‍ന്നിരുന്നു. അപ്പോഴും ഡല്‍ഹിയില്‍ ഇത് പരിഭ്രാന്തിയുണ്ടാക്കിയില്ല. ആവശ്യത്തിന് കിടക്കകളും ഇവിടെ ലഭ്യമാക്കിയിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചുപോരാടി. നവംബര്‍ 11ന് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്ത 8,593 കേസുകളാണ് പ്രതിദിന വൈറസ് കേസുകളില്‍ ഏറ്റവും കൂടുതല്‍.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ശനിയാഴ്ച ഒരുകോടി മറികടന്നിരിക്കുകയാണ്. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വിമുഖത കാട്ടിയിട്ടും വൈറസ് വ്യാപനത്തിന്റെ വേഗത കുറയുന്നതായാണ് റിപോര്‍ട്ടുകള്‍. നവംബര്‍ ആദ്യം ഡല്‍ഹിയിലെ പോസിറ്റീവിറ്റി നിരക്ക് 15.26 ശതമാനമായി ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം നവംബറില്‍ 45,000 ആയിരുന്നെങ്കിലും ഇപ്പോള്‍ അത് 12,000 ആയി കുറഞ്ഞു. സാംപിള്‍ പരിശോധനാ കണക്കില്‍ തങ്ങള്‍ യാതൊരു കൃത്രിമത്വവും കാണിക്കുന്നില്ല. അതുസംബന്ധിച്ച്‌ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിവാദ്യം ചെയ്യുന്നതായും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.