ഇത്തവണത്തെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അതിഥിപ്പട്ടികയില്‍ ഐസിസ് ആക്രമണത്തിന്റെ ജീവിക്കുന്ന ഒരു രക്തസാക്ഷിയുണ്ട്. ടര്‍ക്കിയില്‍ ജനിച്ചു വളര്‍ന്ന യുവകുര്‍ദിഷ്  സംവിധായിക ലിസ ചലാന്‍. ഐസിസ് ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും കൃത്രിമ കാലുകളുടെ സഹായത്തോടെ സ്വന്തം വിധിയെ രാഷ്ട്രീയമായും സര്‍ഗാത്മകമായും മറികടക്കുന്ന ഒരു യുവതി. 26-ാമത് ചലച്ചിത്ര മേളയില്‍ അഞ്ചു ലക്ഷം രൂപയുടെ ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’ ലിസയ്ക്കാണ്. ആദ്യമായാണ് ഐ ഐ എഫ് കെ യില്‍ ഇത്തരമൊരു പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. മേളയുടെ അതിഥി ആയി മറ്റന്നാള്‍ കാലത്ത് തിരുവനന്തപുരത്ത് എത്തുന്ന ലിസയുടെ ജീവിതം ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ഏത് സിനിമയോളവും സിനിമാറ്റിക്കാണ്.

ആദ്യമായി കേരളത്തില്‍ വരുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് ലിസ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ”കേരളത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ കുര്‍ദ് വിഷയങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ആദരവോടെയാണ് കാണുന്നത്. സാക്ഷരതയും പ്രബുദ്ധതയുമുള്ള ഒരു നാട് നല്‍കുന്ന ഈ ആദരവ് കുര്‍ദ് പോരാട്ടങ്ങള്‍ക്കുള്ളതായാണ് കാണുന്നത്”-ഇ മെയില്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

 

സിനിമയിലൂടെ അതിജീവനം

ടര്‍ക്കിയില്‍ അതിഭീകരമായ സാമൂഹിക വിവേചനം അനുഭവിക്കുന്ന കുര്‍ദ് വിഭാഗത്തില്‍ പിറന്ന്, സ്വന്തം ജനതയ്ക്കു വേണ്ടി കലയിലൂടെ പൊരുതിക്കൊണ്ടിരിക്കുന്ന ഒരുവളാണ് ലിസ. സംവിധായിക, എഡിറ്റര്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ സിനിമയുടെ സാങ്കേതികവും സര്‍ഗാത്മകവുമായ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്താണ് ലിസ ഐസിസിന്റെ ഇരയായത്.

അതിനകം ലിസ സംവിധാനവും തിരക്കഥാരചനയും ഒരുമിച്ച് ചെയ്ത ‘പര്‍വ്വതങ്ങളുടെ ഭാഷ’ എന്ന സിനിമ പുറത്തുവന്നിരുന്നു. താന്‍ ആര്‍ട്ട് ഡയരക്ടറായ ‘ഗുപ്തം’ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അവശിഷ്ടം, നോട്ട് ബുക്ക് എന്നീ സിനിമകളുടെ തിരക്കഥ അവരുടേതായിരുന്നു. ‘നുസായ്ബിന്നിന്റെ നിറം’ എന്ന ചിത്രത്തിന്റെ സഹസംവിധാനം, ‘തെരുവിന്റെ ശബ്ദം’ എന്ന ഹ്രസ്വചിത്രത്തിന്റെ എഡിറ്റര്‍ എന്നീ നിലയിലും ലിസ പ്രവര്‍ത്തിച്ചിരുന്നു. സിനിമാ മേഖലയില്‍ ഏറെ സൗഹൃദങ്ങളുണ്ടായിരുന്ന ലിസ പുതിയ സിനിമാ പ്രൊജക്ടുകളില്‍ സജീവമാകുന്നതിനിടെയാണ് ഐസിസ് ആക്രമണം ഉണ്ടാവുന്നത്.

 

IFFK 2022 meet  Turkish Kurd  filmmaker Lisa Calan who lost both  legs in IS attack

ലിസ കൃത്രിമ കാലുകളുമായി
ഐസിസ് ആക്രമണം 

2015 -ജൂണ്‍ അഞ്ചിനാണ് ലിസയ്ക്ക് എതിരെ ഐസിസിന്റെ ആക്രമണം നടന്നത്. ടര്‍ക്കിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് കുര്‍ദ് പാര്‍ട്ടിയായ എച്ച്ഡിപിയുടെ കൂറ്റന്‍ റാലിക്കിടെ ഐസിസ് ചാവേറുകള്‍ നടത്തിയ ആക്രമണത്തിലാണ് ലിസയ്ക്ക് രണ്ടു കാലുകളും നഷ്ടമായത്. ടര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗാന്റെ കണ്ണിലെ കരടായ എച്ച്ഡിപി ഓഫീസുകള്‍ക്കും അനുഭാവികള്‍ക്കും നേരെ നടന്നുകൊണ്ടിരുന്ന ഐസിസ് ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.

റാലിക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ തല്‍ക്ഷണം മരിച്ചു. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെയറിങ്ങുകള്‍ക്കുള്ളില്‍ ഉരുക്ക് ബോളുകള്‍ നിറച്ച മാരകസംഹാര ശേഷിയുള്ള  ബോംബുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലിസയുടെ കാലുകള്‍ ചിതറിപ്പോയി. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നുപോയിരുന്നു. ചിതറിപ്പോയ ആ കാലുകള്‍ പിന്നീട് കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു.

 

IFFK 2022 meet  Turkish Kurd  filmmaker Lisa Calan who lost both  legs in IS attack

ലിസ

ചികില്‍സയ്ക്കു വേണ്ടിയുള്ള പോരാട്ടം

രണ്ടു കാലുകളും മുട്ടിന്റെ ഭാഗത്തുനിന്നും അറ്റുപോയ ലിസയുടെ ചികില്‍സയ്ക്കായി ലോകമെങ്ങുമുള്ള സുഹൃത്തുക്കളുടെ മുന്‍കൈയില്‍ ക്രൗഡ് ഫണ്ടിങ് നടന്നു. ടര്‍ക്കിയിലും ജര്‍മനിയിലുമായി ഒമ്പത് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാലുകള്‍ ശരിയായില്ല. സദ്ദാം ഹുസൈന്റെ പീഡനങ്ങളില്‍നിന്നും രക്ഷപ്പെട്ട് ഓസ്ട്രേലിയയില്‍ അഭയാര്‍ത്ഥിയായി എത്തിയ ഇറാഖി ഡോക്ടര്‍ മുന്‍ജെദ് അല്‍ മുദരിസാണ് ഒടുവില്‍ ഓസ്‌ട്രേലിയയിലെ ഒരാശുപത്രിയില്‍ വെച്ച് ലിസയുടെ കാലുകളില്‍ ടൈറ്റാനിയം ഇംപ്ലാന്റുകള്‍ വെച്ചുപിടിപ്പിച്ചത്. ആ കൃത്രിമകാലുകളിലാണ് ഇപ്പോള്‍ ലിസ ജീവിക്കുന്നത്.

അതിനിടെ ലിസ നഷ്ടപരിഹാരം തേടി  ടര്‍ക്കി സര്‍ക്കാറിന് എതിരെ കേസ് കൊടുത്തു. നഷ്ടപരിഹാരമായി 1.6 മില്യണ്‍ ലിറ നല്‍കാമെന്ന് ഗവണ്മെന്റ് സമ്മതിച്ചെങ്കിലും ചികില്‍സാചെലവിനു പോലും അതു തികയില്ലെന്ന് വ്യക്തമാക്കി ലിസ അത് നിരസിച്ചു. ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലും കൃത്രിമകാലുകളുമായി ലിസ സിനിമാ ലോകത്തേക്ക് വീണ്ടും തിരിച്ചുവന്നു. ലോകമാകെയുള്ള വിവിധ ചലച്ചിത്രമേളകളില്‍ ലിസയുടെ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

 

കൃത്രിമ കാലുകളുമായി നൃത്തം ചെയ്യുന്ന ലിസ

 

ഐസിസ് ആക്രമണത്തിന്റെ രാഷ്ട്രീയം

ടര്‍ക്കി ഭരണകൂടവും ഐസിസും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ ഉദാഹരണമാണ് കുര്‍ദ് പാര്‍ട്ടി റാലിക്കു നേരെ നടന്ന ആക്രമണം എന്നാണ് കുര്‍ദ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐസിസ് ഭീകരര്‍ക്ക് സര്‍വ്വസഹായവും രഹസ്യമായി നല്‍കുന്ന എര്‍ദോഗാന്‍ സര്‍ക്കാറിനുള്ള പ്രത്യുപകാരമായാണ് ഐസിസ് കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്ന് രേഖകള്‍ ഉദ്ധരിച്ച് അവര്‍ പറയുന്നു.

അതിനിടെ, ഭീകരവാദത്തിന് ഇരയായവര്‍ക്ക് തൊഴില്‍ നല്‍കുന്ന നിയമമനുസരിച്ച് ലിസയ്ക്ക് സാംസ്‌കാരിക വിഭാഗത്തില്‍ ജോലി ലഭിച്ചെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞ് വൈകാതെ പിരിച്ചുവിട്ടു. ഇപ്പോള്‍, മുട്ടിനുതാഴെ കൃത്രിമ കാലുകള്‍ പിടിപ്പിച്ച് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഇവര്‍.