തിരുവനന്തപുരം• തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം സംബന്ധിച്ച്‌ ദേശീയ നേതൃത്വത്തിന് ആരും കത്തയച്ചിട്ടില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിട്ടത് പാര്‍ട്ടി ഒറ്റക്കെട്ടായാണ്. നല്ല മുന്നേറ്റമുണ്ടാക്കാനായി. ബിജെപിയില്‍ കൃഷ്ണദാസ് പക്ഷമെന്നൊരു പക്ഷമില്ലന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നു കെ.സുരേന്ദ്രനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് കൃഷ്ണദാസിന്റെ വിശദീകരണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം കിട്ടാത്തത് സുരേന്ദ്രന്റെ പിടിപ്പുകേടുമൂലമാണെന്ന് ആരോപിച്ചാണ് കത്ത്. അനുകൂല അന്തരീക്ഷമുണ്ടായിട്ടും ബിജെപിക്ക് വേണ്ടത്ര മുന്നേറാനാകാത്തത് കെ.സുരേന്ദ്രന്റെ ഏകാധിപത്യ നിലപാട് മൂലമാണെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. ശോഭയുടെ പരാതികള്‍ പരിഹരിക്കേണ്ടതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലും പ്രതികരിച്ചിരുന്നു.