യുക്രൈന് യുദ്ധഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് ലോകം മുഴുവനും. രക്ഷയ്ക്കായും രക്ഷപെടാനുള്ള ശ്രമത്തിലുമാണ് മിക്കവരും.
റഷ്യക്കെതിരെ യുക്രൈനിനൊപ്പം യുദ്ധം ചെയ്യാന്‍ ഇറങ്ങിയവരെയും യുദ്ധഭൂമിയില്‍ ഒറ്റപെട്ടുപോയവര്‍ക്ക് അഭയം നല്‍കിയവരെ കുറിച്ചെല്ലാം നമ്മള് കേട്ടറിഞ്ഞു. ഒരു ലോകം യുക്രൈന് ജനതയ്ക്കൊപ്പം നില്ക്കുന്ന കാഴ്ച. ഈ സമയത്ത് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഒരു ഇരുപത്തിനാലുകാരി. കൊല്‍ക്കത്ത സ്വദേശി മഹാശ്വേത ചക്രവര്‍ത്തിയാണ് അത്തരമൊരു ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റാണ് മഹാശ്വേത. പതിവുപോലെ ഡ്യൂട്ടിയില്‍ റിപ്പോര്‍ട് ചെയ്യാന്‍ എത്തിയെങ്കിലും അന്ന് കുറിയ്ക്കാന്‍ പോകുന്നത് ഒരു ചരിത്രമാണെന്ന് ഒരുപക്ഷെ മഹാശ്വേത ചിന്തിച്ചുകാണില്ല.
യുദ്ധം തകര്‍ത്ത യുക്രൈന് മണ്ണില്‍ നിന്ന് 800 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഈ ഇരുപത്തിനാലുകാരി ഇന്ത്യയിലെത്തിച്ചത്. ഓപ്പറേഷന് ഗംഗയുടെ ഭാഗമായാണ് മഹാശ്വേത യുക്രൈയ്നിലെ പോളിഷ്, ഹംഗേറിയന്‍ അതിര്‍ത്തികളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയത്. ഫെബ്രുവരി 27 നും മാര്‍ച്ച് 7 നും ഇടയില്‍ ആറ് ഇവാക്വേഷന് വിമാനങ്ങളാണ് പറത്തിയത്. നാല് തവണ പോളണ്ടില്‍ നിന്നും രണ്ടുതവണ ഹംഗറിയില്‍ നിന്നും.