ശ്രീലങ്കയ്‌ക്കെതിരെയും, വെസ്റ്റിന്‍ഡീസിനെതിരെയും നടന്ന പരമ്ബരകളില്‍ പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് ശ്രേയസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ ‘പ്ലയര്‍ ഓഫ് ദി മന്ത്’ പുരസ്‌കാരം ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും, ന്യൂസിലാന്‍ഡ് വനിത ഓള്‍ റൗണ്ടര്‍ അമേലിയ കെറും സ്വന്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരെയും, വെസ്റ്റിന്‍ഡീസിനെതിരെയും നടന്ന പരമ്ബരകളില്‍ പുറത്തെടുത്ത മിന്നും പ്രകടനമാണ് ശ്രേയസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കഴിഞ്ഞമാസം നടന്ന മല്‍സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അയ്യര്‍ കാഴ്‌ചവച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്ബരയില്‍ 3 മത്സരങ്ങളില്‍ നിന്നായി 204 റണ്‍സാണ് അയ്യര്‍ അടിച്ചുകൂട്ടിയത്. പുറത്താകാതെ 3 അര്‍ധസെഞ്ച്വറിയും താരം പരമ്ബരയില്‍ നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലും ശ്രേയസ് അയ്യര്‍ മികവ് തുടരുകയാണ്.

ഇന്ത്യക്കെതിരായ പരമ്ബരയിലെ പ്രകടനമാണ് 21-കാരിയായ അമേലിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 117.67 ശരാശരിയില്‍ 353 റണ്‍സ് സ്വന്തമാക്കിയ കെര്‍ ആയിരുന്നു പരമ്ബരയിലെ ടോപ് സ്‌കോററും. ബൗളിങ്ങില്‍ 7 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ മിതാലി രാജിനെയും ദീപ്‌തി ശര്‍മയേയും മറികടന്നാണ് കിവീസ് ഓള്‍റൗണ്ടര്‍ നേട്ടം സ്വന്തമാക്കിയത്.

ലെഗ് സ്‌പിന്നറായ അമേലിയ കെര്‍ നിലവില്‍ തന്‍റെ ബാറ്റിങ് പ്രകടനം കൊണ്ട് ലോകക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി മാറുകയാണെന്ന് വോട്ടിങ് പാനല്‍ മെമ്ബറും മുന്‍ അയര്‍ലാന്‍ഡ് താരവുമായ ഇസബെല്‍ ജോയ്‌സ് അഭിപ്രായപ്പെട്ടു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വനിത ലോകകപ്പിലും മികച്ച പ്രകടനമാണ് അമേലിയ കെര്‍ ന്യൂസിലാന്‍ഡിന് വേണ്ടി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.