കാബൂൾ: മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജിൽ എത്തരുതെന്ന് വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകി അഫ്ഗാനിലെ ഹെറാത്ത് യൂണിവേഴ്‌സിറ്റി. ഇതുസംബന്ധിച്ച ഉത്തരവ് താലിബാൻ ഭരണകൂടം പുറത്തിറക്കി. താലിബാൻ നീക്കത്തിനെതിരെ കോളേജിലും ഒരു വിഭാഗം പെൺകുട്ടികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അഫ്ഗാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പേക്ക് മീഡിയയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണത്തിലടക്കം കർശന നിയന്ത്രണങ്ങളാണ് താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പതിനേഴ് രാജ്യങ്ങളിലെ വനിതാ വിദേശകാര്യ മന്ത്രിമാർ അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങളെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിൽ നടന്ന പ്രത്യേക യോഗത്തിലാണ് മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചത്.

സ്ത്രീകൾക്കെതിരായ എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നാണ് വനിതാ മന്ത്രിമാർ താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. കമ്പിളി പുതയ്‌ക്കുന്നത് പോലെ ഹിജാബ് ഉപയോഗിച്ച് ശരീരം മറയ്‌ക്കണമെന്നാണ് താലിബാൻ സ്ത്രീകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നൽകിയ നിർദ്ദേശമാണിത്.

അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകളുടെ ജോലി വിഷയവും വിദ്യാഭ്യാസവും സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് നിലനിക്കുന്നത്. എന്നാൽ പഴയപോലെ അല്ല, സ്ത്രീകളെ ജോലിയ്‌ക്ക് പോകാൻ അനുവദിക്കുമെന്നും അവർക്ക് സ്വാതന്ത്ര്യം നൽകുമെന്നത് അടക്കമുള്ള കാര്യങ്ങൾ വിവരിച്ച ശേഷമാണ് താലിബാൻ ഭീകരർ അധികാരത്തിലേറിയത്.

1996-2001 ഭരണ കാലത്ത് സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും താലിബാൻ നൽകിയിരുന്നില്ല. അതുപോലെ തന്നെ പുരുഷന്മാർ ഷേവ് ചെയ്യുന്നതും താലിബാൻ വിലക്കിയിരുന്നു. സിനിമ, സംഗീതം, ടെലിവിഷൻ എന്നിവയ്‌ക്കെല്ലാം താലിബാൻ തങ്ങളുടെ ആദ്യ ഭരണ കാലത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു.