തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി കേരളത്തെ രണ്ടായി വെട്ടിമുറിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്നതാണ് പൊതുവികാരം. കെ-റെയിൽ നാടിന്റെ ആവശ്യമാണ്. ഇപ്പോൾ കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണെന്നും എതിർപ്പ് ഉണ്ടെങ്കിലും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു പിണറായി.

പദ്ധതിയെ അനുകൂലിക്കാൻ പ്രതിപക്ഷത്തിന് മനസ് ഉണ്ടാകണം. ആത്മാർത്ഥമായി എതിർക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. നമ്മുടെ നാടിന്റെ ഭാവി തലമുറയ്‌ക്ക് സഹായകരമായ പദ്ധതിയാണ്. എതിർക്കേണ്ടതല്ല കെ-റെയിൽ. പശ്ചിമഘട്ടം തകർക്കപ്പെടുമെന്നത് വാസ്തവ വിരുദ്ധമാണ്. പദ്ധതി കടന്നു പോകുന്ന ഇടങ്ങളിൽ സംരക്ഷിത മേഖലകളില്ല. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്നും വൻ മതിലുകൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

കെ-റെയിൽ സമരത്തിനെതിരെ എവിടേയും പോലീസ് അതിക്രമം നടന്നിട്ടില്ല. ഇത്തരം പദ്ധതികൾക്ക് വായ്പ എടുക്കുന്നത് സ്വാഭാവിക നടപടിയാണ്. പദ്ധതിക്ക് കടമെടുക്കുന്നത് സർക്കാർ നേരിട്ടല്ല. കടക്കെണി വാദം വികസന മുന്നേറ്റത്തെ തുരങ്കം വെയ്‌ക്കാനാണ്. കെ-റെയിൽ രഹസ്യ പദ്ധതിയല്ല. സംസ്ഥാനത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. സിൽവർ ലൈന് എതിരായ നീക്കം നാടിനെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചത്.