മോസ്‌കോ; യുക്രെയ്ന്‍ സൈന്യം ഡോണെക്‌സില്‍ നടത്തിയ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്‌റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോയും വിഘടനവാദികള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. കത്തിയെരിഞ്ഞ മൃതശരീരങ്ങളും കാറുകളും തകര്‍ന്ന കടകളും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

2014 മുതല്‍ റഷ്യന്‍ റിബലുകളുടെ കേന്ദ്രമായിരുന്ന പ്രദേശമായിരുന്ന ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. റഷ്യന്‍ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്‌സ്‌ക്. നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്‌ന്റെ ടോച്ക മിസൈല്‍ പതിക്കുകയായിരുന്നു.

റഷ്യയും യുക്രെയ്‌നും തമ്മില്‍ നാലാംവട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് ആക്രമണം. അതെ സമയം സൈനികനടപടി തുടരുമെന്നും യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തിയാല്‍ മാത്രമെ യുദ്ധത്തില്‍ നിന്നു പിന്‍മാറുകയുളളൂവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു.