കീവ്: യുക്രെയ്‌നെതിരെ 18-ാം ദിവസവും നേരിട്ടുള്ള ആക്രമണം തുടർന്ന് റഷ്യൻ സേന. മിസൈൽ ആക്രമണത്തിന് പിന്നാലെ കരസേനയുടെ പീരങ്കികളും വെടിവെപ്പും തുടരുകയാണ്. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതിൽ ഒരാൾ അമേരിക്കയ്‌ക്കായി യുക്രെയ്ൻ ഭാഷ പരിഭാഷപ്പെടുത്തുന്ന മാദ്ധ്യമപ്രവർത്തകനാണെന്നുമാണ് വിവരം. ബ്രെന്റ് റെനൗഡാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് മരിച്ചത്. 50 വയസ്സുകാരനായ ജുവാൻ അറേഡോൺഡോയും മറ്റൊരു മാദ്ധ്യമപ്രവർത്തകനും കാറിൽ യാത്രചെയ്യവേ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്.

മൂന്നാം വട്ട ചർച്ചകളിലും തീരുമാനം വരാതിരിക്കുകയും റഷ്യയുടെ ആക്രമണം കുറയാത്തതും സാധാരണക്കാരെ നിത്യദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 18-ാം ദിനത്തിലെ ആക്രമണം കൂടുതൽ നടന്നത് ഇർപിനിലും ലിവിവിലുമാണ്. ലിവിവിലെ യുക്രെയ്ൻ സൈനിക താവളം റഷ്യ തകർത്തു. പതിവുപോലെ വെളുപ്പിനാണ് സൈനിക താവളം ആക്രമിച്ചത്. 35 പേർ കൊല്ലപ്പെട്ടതിന് പുറമേ 134 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഫെബ്രുവരി 24ന് പുലർച്ചെ മുതൽ ആരംഭിച്ച റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 2178 തദ്ദേശീയരാണ് യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയൂപോളിൽ മാത്രം കൊല്ലപ്പെട്ടത്. റഷ്യയ്‌ക്ക് നേരെ അമേരിക്ക മുന്നറിയിപ്പും ഉപരോധവും തുടരുന്നതിനിടെയാണ് പുടിൻ ആക്രമണം ശക്തമാക്കുന്നത്.