ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, 9 വിക്കറ്റിന് 303 എന്ന സ്‌കോറിൽ ഇന്ത്യ 2-ാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 എന്ന സ്‌കോറിൽ ലങ്കൻ പട രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചു. 447 റൺസാണ് ശ്രീലങ്കയുടെ വിജയ ലക്ഷ്യം. മത്സരം ജയിക്കാൻ ശ്രീലങ്കയ്‌ക്ക് 419 റൺസാണ് ഇനി ആവശ്യം.

സ്‌കോർ-ഇന്ത്യ 252,303-9; ശ്രീലങ്ക 109, 28-1. രണ്ടാം ഇന്നിംഗ്‌സിൽ ലാഹിരു തിരിമാന്നെയുടെ വിക്കറ്റാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ബൂംറയാണ് തിരിമാന്നെയുടെ വിക്കറ്റ് കൊയ്തത്. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ(10), കുശാൽ മെൻഡിസ്(16) എന്നിവരാണ് ക്രീസിൽ.

മായങ്ക് അഗർവാൾ (22), ക്യാപ്റ്റൻ രോഹിത് ശർമ (46), ഹനുമ വിഹാരി (35), വിരാട് കോഹ്ലി (13), ഋഷഭ് പന്ത് (51), ശ്രേയസ് അയ്യർ (67), രവീന്ദ്ര ജഡേജ (22), രവിചന്ദ്രൻ അശ്വിൻ (13), അക്ഷർ പട്ടേൽ (9), മുഹമ്മദ് ഷമി (16 നോട്ടൗട്ട്) എന്നിങ്ങനെയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ താരങ്ങളുടെ സ്‌കോർ. മത്സരത്തിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി തികച്ച ഇന്ത്യൻ താരമായി ഋഷഭ് പന്ത്. വെറും 28 പന്തിൽ നിന്നാണ് ഋഷഭ് പന്ത് അർധ സെഞ്ച്വറി നേടിയത്.

ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്‌ക്ക് 23 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും ലങ്കൻ പടയ്‌ക്ക് നഷ്ടമായി. വെറും 35.5 ഓവറിലാണ് ശ്രീലങ്ക 109 റൺസിന് പുറത്തായത്.