ദുബായ്: അബുദാബിയിൽ എക്‌സ്പ്രസ് ബസ് സർവ്വീസുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് ആരംഭിക്കുക. അൽ ഐൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് രണ്ടാം ഘട്ടത്തിൽ എക്‌സ്പ്രസ് ബസ് സർവ്വീസുകൾ തുടങ്ങും.

മുസഫ ഇൻഡസ്ട്രിയൽ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി തുടങ്ങിയവിടങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ സർവ്വീസുകൾ. സർവ്വീസ് ആരംഭിക്കുന്നതോടെ അബുദാബിയുടെ ഉൾമേഖലകളിൽ നിന്നും വളരെ വേഗത്തിൽ തന്നെ സിറ്റിയിൽ എത്തിച്ചേരാൻ കഴിയും. നേരിട്ടുള്ള, നോൺ-സ്റ്റോപ്പ് ബസ് സർവീസുകളാണ് തുടങ്ങുന്നത്. രണ്ടാം ഘട്ടത്തിൽ അൽ ഹിയാർ, അൽ ഫഖ, സ്വീഹാൻ, അൽ ഷിവായ്ബ്, നഹിൽ, അബു സമ്ര, അൽ വിഖാൻ, അൽഖൂവ തുടങ്ങിയ മേഖലകളിലേക്കും സർവ്വീസ് ആരംഭിക്കും.

അൽ ഐനിലെ വിവിധ മേഖലകളിലേക്കും ബസുകൾ ഉണ്ടാകും. ഓരോ ആഴ്ചയും മൊത്തം 680 ട്രിപ്പുകൾ ഉണ്ടാകും. എല്ലാ സർവ്വീസുകളും തുടങ്ങുന്നതും അവസാനിക്കുന്നതും അബുദാബി ബസ് സ്റ്റേഷനിലാണ് . പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും സേവനം ലഭ്യമാകും. തിരക്കുള്ള സമയങ്ങളിൽ വിവിധ റൂട്ടുകളിലേക്ക് ഓരോ 10 മിനിറ്റിലും , 25 മിനിറ്റിലും, സർവ്വീസുണ്ടാകുമെന്നും ഗതാഗത വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.