തിരുവനന്തപുരം: കോവിഡ് മൂലം നിര്‍ത്തിവെച്ച എല്ലാ സര്‍വീസുകളും ഇന്നലെ മുതല്‍ ആരംഭിക്കണമെന്നു കെഎസ്‌ആര്‍ടിസി എംഡിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അധികമായി ഓടിയതു 100 സര്‍വീസ് മാത്രം. ആകെ ഓടിയത് 2800 ബസുകള്‍. 5500 സര്‍വീസുകളാണു കെഎസ്‌ആര്‍സി ഓടിക്കേണ്ടത്. എന്നാല്‍ പകുതി സര്‍വീസുകള്‍ മാത്രമാണ് നിരത്തിലുള്ളത്.

ജീവനക്കാരില്ലാത്തതാണു പ്രധാന കാരണമെന്നും പൊതു സ്ഥലംമാറ്റം നടക്കാത്തതിനാലാണു പലയിടത്തും ജീവനക്കാരില്ലാത്തതെന്നും എംഡി പറഞ്ഞു. 1500 ബസുകള്‍ കട്ടപ്പുറത്താണ്. ഇതു പുറത്തിറക്കുന്ന നടപടി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും കോവിഡ് വ്യാപനം കുറഞ്ഞതിനാലും സ്ഥാപനങ്ങള്‍ മിക്കതും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിനാലും പൊതുഗതാഗതം ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ബസുകളില്‍ തിരക്കായതോടെയാണു കൂടുതല്‍ സര്‍വീസുകള്‍ നിരത്തിലിറക്കാന്‍ എംഡി നിര്‍ദേശിച്ചത്.

സ്ഥലംമാറ്റം നടക്കാത്തതു മാത്രമല്ല ജീവനക്കാരെ കിട്ടാത്തതിന്റെ കാരണമെന്നാണു ഡിപ്പോയില്‍ നിന്നുള്ള വിവരം. 30 ന് നടക്കുന്ന ഹിതപരിശോധനയുടെ പ്രചാരണത്തിലാണു ജീവനക്കാരും നേതാക്കളും.