ദിബ്രുഘട്ട്: അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാര് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിച്ചുകൊന്നു.

അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്മോരിയിലാണ് കുട്ടിയെ കൊലപ്പെടുത്തിയ പ്രതിസുനില്‍ താന്തിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചുകൊന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.

അഞ്ചുവയസുകാരനായ റൊഹ്മോരിയയിലെ ധോലാജാന്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെയെയാണ് പ്രദേശവാസിയായ സുനില്‍ താന്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ ഇയാളെ ജീവനോടെ കത്തിച്ചു.

കൊല്ലപ്പെട്ട അഞ്ചുവയസുകാരനും കൂട്ടുകാരും സുനിലിന്റെ പുരയിടത്തില്‍ കളിച്ചതില്‍ പ്രകോപിതനായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കുട്ടികള്‍ കളിക്കുന്നത് കണ്ടുവന്ന പ്രതി കത്തിയെടുത്ത് ഉജ്ജ്വലിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി സുനിലിനെ പിടികൂടി. ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കിലോമീറ്ററോളം പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയ ശേഷം ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ദിബ്രുഘട്ട് എസ് പി ശ്വേതാങ്ക് മിശ്ര പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.