കൊച്ചി: കോണ്‍ഗ്രസിന്‍റെ വേദിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കഥാകൃത്ത് ടി.
പദ്മനാഭന്‍. കൊച്ചിയില്‍ കോണ്‍ഗ്രസ് ഡിസിസി ഒാഫീസില്‍ ഒരുക്കിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു പദ്മനാഭന്‍ ആഞ്ഞടിച്ചത്.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വേദിയില്‍ത്തന്നെ നേതൃത്വത്തെ അടക്കം അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, ഒരു കൂട്ടര്‍ക്കു കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കഴിയും, അതു കോണ്‍ഗ്രസുകാര്‍ക്കു തന്നെയാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പാര്‍ട്ടിയെ തോല്പിക്കുന്നത്.

അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ പിടിച്ചിരിക്കുകയാണ്. അവര്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും കഥാകൃത്ത് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെയും പദ്മനാഭന്‍ വെറുതെ വിട്ടില്ല. ജയിച്ചുകഴിഞ്ഞു മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

അമേത്തിയില്‍ സ്ഥിരമായി ജനങ്ങള്‍ ജയിപ്പിച്ചുകൊള്ളുമെന്നാണ് അദ്ദേഹം കരുതിയത്. അവസാനം ജയിക്കാനായി അദ്ദേഹത്തിനു വയനാട്ടിലേക്കു വരേണ്ടി വന്നുവെന്നും അദ്ദേഹം പരിഹസിച്ചു.