ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയെ 109 റൺസിന് പുറത്താക്കിയ ഇന്ത്യ, 143 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി ജസ്പ്രീത് ബൂംറ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. പത്ത് ഓവറിൽ, വെറും 24 റൺസ് മാത്രം വഴങ്ങിയാണ് ബൂംറ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മുഹമ്മദ് ഷമിയും, ആർ അശ്വിനും രണ്ട് വിക്കറ്റ് വീഴ്‌ത്തി. അക്ഷർ പട്ടേൽ ഒരുവിക്കറ്റെടുത്തു.

ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്‌ക്ക് 23 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും ലങ്കൻ പടയ്‌ക്ക് നഷ്ടമായി. വെറും 35.5 ഓവറിലാണ് ശ്രീലങ്ക 109 റൺസിന് പുറത്തായത്. 43 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. 16 പന്തിൽ നിന്ന് ഒരു വിക്കറ്റ് നേടിയ ലസിത് എംബുൽദെനിയ, ഒൻപത് പന്തിൽ നിന്ന് അഞ്ച് റൺസ് നേടിയ സുരംഗ ലക്മൽ, 38 പന്തിൽ നിന്നും 21 റൺസ് സ്വന്തമാക്കിയ നിരോഷൻ ഡിക്വല്ല, എട്ട് പന്തിൽ നിന്ന് എട്ട് റൺസ് നേടിയ വിശ്വ ഫെർണാണ്ടോ എന്നിവരാണ് ഇന്ന് ശ്രീലങ്കൻ നിരയിൽ പുറത്തായത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ലങ്കൻ സ്പിന്നർമാർക്ക് മുന്നിൽ ആദ്യം പതറിയെങ്കിലും, ശ്രേയസ് അയ്യരുടെ കരുത്തിൽ 252 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ഇന്ത്യൻ പേസർമാർക്ക് മുന്നിൽ മുട്ടുമടക്കി. ആറിന് 86 എന്ന നിലയിലാണ് ആദ്യ ദിനം കളി അവസാനിപ്പിച്ചത്.