അമൃത്സർ: പഞ്ചാബിലെ ഹോഷിയാർപൂരിൽ റെയിൽവേ ട്രാക്കിന് സമീപം ഇരുപതിലധികം പശുക്കളുടെ ജഡങ്ങൾ കണ്ടെത്തി. നഗരത്തിന് 36 കിലോമീറ്റർ അകലെ തണ്ട ഉർമറിലെ ഝാൻസ് എന്ന ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. പ്രദേശത്ത് സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്തതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ പഞ്ചാബ് ഗോ സേവാ കമ്മീഷൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഏഴ് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.

പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവത് മൻ സംഭവത്തെ അപലപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ കേസെടുക്കാൻ പോലീസ് ആദ്യഘട്ടത്തിൽ തയ്യാറായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. തുടർന്ന് ബജ്റംഗ്ദൾ പ്രവർത്തകരും മറ്റ് ഹിന്ദു സംഘടനകളും ദേശീയപാത ഉപരോധിച്ച് പ്രതിഷേധം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 295 (എ) പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും റെയിൽവേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.