കീവ്: ഇന്ന് രാവിലെ ഇന്റർനാഷണൽ പീസ് കീപ്പിംഗ് ആൻഡ് സെക്യൂരിറ്റി സെന്റർ ബേസിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 35 പേർ മരിച്ചതായി ലീവ് ഗവർണർ സ്ഥിരീകരിച്ചു. മരണസംഖ്യ ഒമ്പതിൽ നിന്ന് 35 ആയി ഉയർന്നുവെന്നും 134 പേർക്ക് പരിക്കേറ്റതായും മാക്സിം കോസിറ്റ്സ്‌കി പറഞ്ഞു.

പോളിഷ് അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗാരിസൺ നഗരമായ യാവോറിവിലെ ബേസിൽ ഇന്ന് രണ്ട് സ്‌ഫോടനങ്ങൾ ഉണ്ടായി. പുലർച്ചെ 5.45നായിരുന്നു ആക്രമണം. റഷ്യൻ സൈന്യം 30 ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കോസിറ്റ്‌സ്‌കി അറിയിച്ചു.

സമാധാന പരിപാലനത്തിനും സുരക്ഷയ്‌ക്കും വേണ്ടി ലീവ് നഗരത്തിൽ സ്ഥിതിചെയ്യുന്ന, ഇന്റർനാഷണൽ സെന്ററാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് അറിയിച്ചിരുന്നു.

‘റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. റഷ്യൻ വ്യോമാക്രമണങ്ങൾ ഇപ്പോൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തേയ്‌ക്കാണ്. അതായത്, ലീവ് നഗരത്തിനും യുക്രെയ്ൻ-പോളണ്ട് അതിർത്തിക്കും സമീപമുള്ള പ്രദേശങ്ങൾ’, ഒലെക്സി റെസ്നിക്കോവ് വ്യക്തമാക്കി.